27 വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ അധ്യാപന ജീവിതത്തിന് ശേഷം എം.സി.സിയില്‍നിന്ന് പ്രൊഫ. എം.സി വസിഷ്ഠ് പടിയിറങ്ങുന്നു

27 വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ അധ്യാപന ജീവിതത്തിന് ശേഷം എം.സി.സിയില്‍നിന്ന് പ്രൊഫ. എം.സി വസിഷ്ഠ് പടിയിറങ്ങുന്നു

ചാലക്കര പുരുഷു

മയ്യഴിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ചരിത്രവഴികള്‍ അസോ.പ്രൊഫസര്‍ എം.സി വസിഷ്ഠിന് സ്വായത്തമായത് പിതാവ് പ്രൊഫ.എം.പി ശ്രീധരനില്‍ നിന്നാണ്. ഫ്രഞ്ച് മയ്യഴിയുടെ ചരിത്രമെഴുതിയ ശ്രീധരന്‍ മാസ്റ്ററിലുടെയാണ് ചരിത്ര പഠനത്തെക്കുറിച്ചും, പുരോഗമനാശയങ്ങളെക്കുറിച്ചും, അതുവഴി അധ്യാപനത്തിലേക്കും വസിഷ്ഠിന് വഴിതുറന്ന് കിട്ടിയത്. ഒടുവില്‍ അച്ഛന്‍ പഠിപ്പിച്ച അതേ കോളജില്‍ തന്നെ മകനും ചരിത്ര വിഭാഗം മേധാവിയായി. 27 വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ അധ്യാപന ജീവിതത്തിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും എം.സി.വസിഷ്ഠ് മാര്‍ച്ച് 31ന് പടിയിറങ്ങുകയാണ്.

തന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കോളജിന്റെ സാംസ്‌കാരിക അന്തരീക്ഷം സജീവമാക്കിയ വസിഷ്ഠ്, കോളേജിന്റെ പേര് ഇന്ത്യക്കകത്തും പുറത്തും എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ചരിത്രം, സിനിമ, സ്പോര്‍ട്സ്, സാഹിത്യം, പത്രപ്രവര്‍ത്തനം, രാഷ്ട്രീയം അങ്ങനെ വിവിധ വിഷയങ്ങളില്‍ കോളേജിന്റെ അകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു.
കായിക പ്രേമിയായിരുന്ന പ്രൊഫ. വസിഷ്ഠ് ഫുട്ബാളിനെക്കുറിച്ച് എഴുതിയ കവിത ഫിഫ മാഗസിനില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ എന്നീ നാലു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പൂര്‍വ്വ വിദ്യാര്‍ഥികളുമായി ചേര്‍ന്നുകൊണ്ട് വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ ഗാനങ്ങളും അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. മുന്‍ വിദ്യാര്‍ഥിയായ സായ് ഗിരിധറുമായി ചേര്‍ന്ന് ഒളിമ്പിക്സിനെക്കുറിച്ചുണ്ടാക്കിയ ഗാനം 2008 ബീജിംഗ് ഒളിമ്പിക്സിന്റെ സമയത്ത് ചൈന റേഡിയോ ഇന്റര്‍നാഷണല്‍ സംപ്രേക്ഷണം ചെയ്തു. കൂടാതെ ജാക്സണ്‍ വര്‍ഗീസ് എന്ന മറ്റൊരു പൂര്‍വ്വ വിദ്യാര്‍ഥിയുമായി ചേര്‍ന്നുകൊണ്ട് ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് അനുസ്മരണമായും സിലു ഫാത്തിമയുമായി ചേര്‍ന്നുകൊണ്ട് വിശ്വപ്രസിദ്ധ കായികതാരങ്ങളായ ലയണല്‍ മെസ്സിക്കും സച്ചിന്‍ ടെണ്ടുള്‍ക്കര്‍ക്കും ആദരമായും ഗാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

സചിന്‍ ടെണ്ടുള്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന സമയത്ത് അദ്ദേഹത്തെക്കുറിച്ച് ഇന്ത്യയിലെ 12 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ശേഖരിച്ചുകൊണ്ട് കോളേജില്‍ എം.സി.വസിഷ്ഠ് തയ്യാറാക്കിയ സച്ചിന്‍സ് ഗ്യാലറിയിലൂടെ ക്രിസ്ത്യന്‍ കോളേജിന്റെ പേര് ഇന്ത്യയിലുടനീളം എത്തിച്ചേര്‍ന്നു. കൂടാതെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പല തിരക്കഥകളും സിനിമാഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ക്യാമ്പസിനായി സിനിമാ ലൈബ്രറിയും അദ്ദേഹം കോളേജ് ലൈബ്രറിയില്‍ ഒരുക്കി.
വിഖ്യാത ചലച്ചിത്രകാരനായ പത്മരാജന്റെ 25-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പത്മരാജന്‍ ചലച്ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്ന പേരില്‍ പെണ്‍കുട്ടികളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഫിലിം ക്ലബ്ബിന്റെ പേരില്‍ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു.

സിനിമയിലൂടെ ദേശീയോദ്ഗ്രഥനം എന്ന ആശയത്തെ മുന്‍നിര്‍ത്തി തെലുങ്ക്, കന്നഡ, ആസ്സാമീസ്, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ കോളേജിലെ പുതുതലമുറക്കായി പ്രദര്‍ശിപ്പിച്ചു. കൂടാതെ റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചും ഫ്രഞ്ച് വിപ്ലവത്തിന്റെ 225-ാം വാര്‍ഷികത്തോടനുബന്ധിച്ചും റഷ്യനിലും ഫ്രഞ്ച് ഭാഷയിലും വിപ്ലവത്തിനെക്കുറിച്ചുള്ള പ്രത്യേക ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്‍കൈയെടുത്തു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ സമരസേനാനികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. മഹാത്മാഗാന്ധിയെക്കുറിച്ചും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുമുള്ള പ്രദര്‍ശനങ്ങള്‍ ക്രിസ്ത്യന്‍ കോളേജില്‍ മാത്രമല്ല, കേരളത്തിലെ വിവിധ കലാലയങ്ങളിലും സംഘടിപ്പിച്ചു.

കൂടാതെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയരായ വനിതാ സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചും ഭഗത് സിംഗ്, രാജ്ഗുരു സുഖ്ദേവ്, രാഷ് ബിഹാരി ബോസ് എന്നീ വ്യക്തിത്വങ്ങളെക്കുറിച്ചുമുള്ള പ്രദര്‍ശനങ്ങളും വിവിധ കലാലയങ്ങളില്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഗദര്‍ വിപ്ലവത്തെക്കുറിച്ചും അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാനെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ രചിച്ചു. കൂടാതെ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ സഹോദരന്‍ അയ്യപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കടുവ സംരക്ഷണ ആശയം മുന്‍നിര്‍ത്തി ‘ഗ്ലിംപ്സസ് ദി മെജസ്റ്റി’ എന്ന പേരില്‍ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. പരസ്പര ബന്ധമില്ലാതിരുന്ന കോളേജുകളെ, കലാലയങ്ങളെ, തന്റെ പ്രദര്‍ശനങ്ങളിലൂടെ ബന്ധിപ്പിക്കാനുള്ള പുതിയൊരു ശ്രമത്തിനും അദ്ദേഹം തുടക്കം കുറിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ശേഖരിച്ചുകൊണ്ട് നേതാക്കളുടെ ഗ്യാലറി എന്ന പേരിലും കഴിഞ്ഞ നൂറ്റാണ്ടിലെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മാഗസിനുകള്‍ ശേഖരിച്ചുകൊണ്ട് ‘എം.സി.സിയുടെ നാള്‍വഴികള്‍’ എന്ന പേരിലും നടത്തിയ പ്രദര്‍ശനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

മലയാള ഭാഷയിലെ ഇതിഹാസ പത്രാധിപന്മാരെക്കുറിച്ച് ‘ഓര്‍മ്മ’ എന്ന പേരില്‍ പ്രത്യേക അനുസ്മരണ പ്രഭാഷണ പരമ്പരകളും അദ്ദേഹം കോളേജില്‍ സംഘടിപ്പിക്കുകയുണ്ടായി. 1857ലെ കലാപത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സി.ഡി. ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടുകൂടി ചരിത്ര സംബന്ധമായ വിഷയങ്ങളില്‍ അദ്ദേഹം നിരവധി വീഡിയോ ചിത്രങ്ങളും നിര്‍മ്മിച്ചു. കൊവിഡ് സമയത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിച്ചുകൊണ്ട് കേരള ചരിത്രത്തിലെ സംഭവങ്ങളെ ആധാരമാക്കി പ്രൊഫ. വസിഷ്ഠ് തയ്യാറാക്കിയ സാങ്കല്‍പിക ചരിത്ര പത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആര്‍ക്കൈവ്സ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പുരാരേഖകളുടെ ഇരുപതോളം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ആര്‍ക്കൈവ്സ് രേഖകളുടെ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടന്ന കലാലയം മലബാര്‍ ക്രിസ്ത്യന്‍ കോളേജാണ്. കൂടാതെ കോഴിക്കോട്ടെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്നുകൊണ്ട് വര്‍ഷങ്ങളോളം കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും, നവോത്ഥാന നായകന്മാരെക്കുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിലും മുന്‍കൈയെടുത്തു.

സ്പോര്‍ട്സിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രമുഖ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ചൈനീസ് ഒളിമ്പിക്സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗാനത്തെപ്പറ്റിയുള്ള വാര്‍ത്ത പ്രമുഖ ചൈനീസ് പത്രമായ പീപ്പിള്‍സ് ഡെയ്ലിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടുതവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി ബോര്‍ഡ് ഓഫ് സ്്റ്റഡീസ് അംഗമായിരുന്നു. കൂടാതെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി പി.ജി ബോര്‍ഡ് അംഗമായിരുന്നു പ്രൊഫ.എം.സി.വസിഷ്ഠ്. 2015 മുതല്‍ 2019 വരെ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ കേരള ചരിത്ര കോണ്‍ഗ്രസിന്റേയും മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റിന്റേയും വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. ക്രിക്കറ്റ് ജീവിതത്തിനും പിച്ചിനുമിടയില്‍, നൈറ്റ് വാച്ച്മാന്‍, ലാസ്റ്റ് പെനാല്‍ട്ടി കിക്ക് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് പ്രൊഫ. വസിഷ്ഠ്. പ്രോവിഡന്‍സ് ജൂനിയര്‍ സ്‌കൂള്‍ അധ്യാപിക നീമ ഭാര്യയാണ്. മകന്‍ വിനായക് ബിരുദ വിദ്യാര്‍ഥിയാണ്. കോഴിക്കോട്ടെ മൊയ്തു മൗലവി മ്യൂസിയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. കൂടാതെ 2010-11 കാലത്ത് ജില്ലാ ഭരണകൂടം കോഴിക്കോട്ട് സംഘടിപ്പിച്ച സ്നേഹസംഗമം എന്ന ചരിത്ര പ്രദര്‍ശനത്തിന്റെ മുഖ്യസംഘടകനും പ്രൊഫ. എം.സി വസിഷ്ഠായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *