വാഷിങ്ടണ്‍: ഊണിലും ഉറക്കിലും നടത്തത്തിലും നമ്മുടെ കൈയിലുള്ള അവശ്യവസ്തുവാണ് സെല്‍ഫോണ്‍. സെല്‍ഫോണില്‍ നോക്കിക്കൊണ്ട് ആരെങ്കിലും തെരുവ് മുറിച്ചു കടക്കുമ്പോള്‍ തീവ്രമായി ദുഖം തോന്നാറുണ്ടെന്ന് പറയുന്നത് മറ്റാരുമല്ല, സെല്‍ഫോണിന്റെ പിതാവായ പ്രശസ്ത അമേരിക്കന്‍ എഞ്ചിനീയര്‍ മാര്‍ട്ടിന്‍ കൂപ്പര്‍ തന്നെയാണ്. തീരെ ബോധമില്ലാത്ത ആളുകളാണ് സെല്‍ഫോണില്‍ നോക്കി തെരുവ് മുറിച്ചു കടക്കുന്നതെന്നും കുറച്ചുപേരെ കാറിടിച്ചു കഴിയുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും കൂപ്പര്‍ ഫലിതരൂപേണ പറയുന്നു.
ഭാവിയില്‍ സെല്‍ഫോണുകള്‍ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാനാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ് പിയോട് അദ്ദേഹം പറഞ്ഞു. തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്നതുപോലെ എങ്ങനെ സെല്‍ഫോണ്‍ ഉപയോഗിക്കണമെന്ന് തനിക്ക് ഒരിയ്ക്കലും മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന അദ്ദേഹം പറഞ്ഞു.