തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രി(20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. വിധി നാളെ പറയും. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം
ആഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകം, കൊലപാതക ശ്രമം, ഭവന ഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കണ്‍മുന്‍പില്‍ വച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം കത്തി പിടിച്ചുവാങ്ങി തുരുതുരെ കുത്തിയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്ത് അരുണ്‍ എത്തിയിരുന്നു. ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. തുടര്‍ന്ന് അരുണ്‍ സൂര്യഗായത്രിയെ കുത്തുകയായിരുന്നു. 32 തവണ കുത്തി. മാതാപിതാക്കള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. അരുണുമായി സൂര്യഗായത്രി സ്‌നേഹത്തിലായിരുന്നു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.