ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂററ്റ് കോടതി വിധിക്കു ശേഷം എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്. ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ചും രാഹുലിന് ഒന്നുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ അറിയാത്ത രാഹുല്‍ കോണ്‍ഗ്രസിന്റെ രാഹുവായി മാറിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പരിഹസിച്ചു. നിരവധി ബിജെപി നേതാക്കളാണ് രാഹുലിനെതിരെയും കോണ്‍ഗ്രസിനെതിരേയും വിമര്‍ശനവുമായി രംഗത്തെത്തുന്നത്.
രാജ്യം ഭരിക്കുന്നത് ഭരണഘടനക്ക് അനുസൃതമായാണ്. അല്ലാതെ വാചകങ്ങള്‍ കൊണ്ടല്ല. രാജ്യത്തിന്റെ പ്രശ്നം കോണ്‍ഗ്രസ് ആണെന്നും കോണ്‍ഗ്രസിന്റെ പ്രശ്നം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസിന്റെ രാഹുവാണ് രാഹുല്‍. കോണ്‍ഗ്രസിലെ അടിമകളായ നേതാക്കളാണ് രാഹുലിനെ ദേശീയ നേതാവായി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ ഗാന്ധി-നെഹ്റു കുടുംബത്തിലെ എറ്റവും പരാജിതനായ, മടിയനായ,നിരുവത്തരവാദിയായ,അശ്രദ്ധാലുവായ ഒരേയൊരാള്‍ രാഹുല്‍ ഗാന്ധി മാത്രമാണെന്നും ശിവരാജ് ചൗഹാന് പറഞ്ഞു.