‘രാഹുലിനെ യു.കെ. യിലെ കോടതി കയറ്റും’; ലളിത് മോദി

‘രാഹുലിനെ യു.കെ. യിലെ കോടതി കയറ്റും’; ലളിത് മോദി

ലണ്ടന്‍: എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നത് എങ്ങനെയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ യു.കെ യില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യവസായി ലളിത് കുമാര്‍ മോദി. തനിക്കെതിരേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കള്ളപ്രചരണങ്ങളാണ് നടത്തുന്നതെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു.

യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. നിയമവ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധിയും സംഘവും. എപ്പോഴാണ് ആ കുറ്റങ്ങള്‍ക്ക് ഞാന്‍ ശിക്ഷിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പകപോക്കല്‍ നടത്തുകയാണ്. രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി അദ്ദേഹത്തിന് ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെയുള്ള ലളിത് മോദിയുടെ പരാമര്‍ശങ്ങള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *