‘മോദി’ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുലിന് വീണ്ടും കുരുക്ക്; പാറ്റ്‌ന കോടതിയില്‍ ഏപ്രില്‍ 12 ന് ഹാജരാകണം

‘മോദി’ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുലിന് വീണ്ടും കുരുക്ക്; പാറ്റ്‌ന കോടതിയില്‍ ഏപ്രില്‍ 12 ന് ഹാജരാകണം

ന്യൂഡല്‍ഹി : മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂറത്ത് കോടി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക് മുറുകുന്നു. ഏപ്രില്‍ 12ന് പാട്‌ന കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ രാഹുലിന് നോട്ടീസ് കിട്ടി. ബി.ജെ.പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് പാട്‌ന കോടതിയുടെ നടപടി.

അതേസമയം കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ തീയതി നീട്ടി ചോദിച്ചേക്കും. ഏപ്രില്‍ 5ന് കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കി.

തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കാനും ജനങ്ങളോട് നേരിട്ട് സംസാരിക്കാനും രാഹുലിന് താല്‍പര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണ്ഡലത്തില്‍ എത്തണമെന്ന ആവശ്യം വയനാട്ടില്‍ നിന്ന് ശക്തവുമാണ്. അതേസമയം ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പോലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്.

പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പോലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന്‍ തുടരുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *