ബെംഗളൂരു: മെയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റുകളില്‍ ദഹി എന്ന ഹിന്ദി പദം പ്രാധാന്യത്തോടെ അച്ചടിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്.
കര്‍ണാടക മില്‍ക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് തൈര് പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെയും മൊസാരു എന്ന കന്നടപദം ബ്രാക്കറ്റില്‍ ഉപയോഗിക്കുകയും വേണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.
ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഹിന്ദി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു അവലോകനം ആവശ്യപ്പെട്ട് തിരിച്ച് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും കര്‍ണാടക മില്‍ക്ക് ഫെഡറേഷനെതിരെയും കുമാരസ്വാമി ട്വിറ്ററില്‍ വിമര്‍ശിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള അമുലുമായി കമ്പനിയെ ലയിപ്പിക്കാനാണ് നീക്കമെന്ന് കുമാരസ്വാമി പറഞ്ഞു. യൂണിയന്‍ സംവിധാനത്തോട് യോജിക്കുക എന്നതിനര്‍ത്ഥം കടന്നുകയറ്റമല്ലെന്നും കുമാരസ്വാമി പറഞ്ഞു.