ന്യൂഡല്‍ഹി: കര്‍ണാടകയിലും തമിഴ്‌നാട്ടിലും തൈര് പാക്കറ്റിലെ ഹിന്ദി വാക്ക് വിവാദമായതോടെ ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി എച്ച.ഡി കുമാരസ്വാമിയും തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദഹി എന്ന ഹിന്ദി വാക്ക് എഴുതാനുള്ള നീക്കം തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. കേര്‍ഡ് എന്നതിനൊപ്പം അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെ പദങ്ങളും എഴുതാമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു.