തമിഴ്‌നാട്ടിലും തൈര് വിവാദം, വിമര്‍ശനം കടുപ്പിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടിലും തൈര് വിവാദം, വിമര്‍ശനം കടുപ്പിച്ച് സ്റ്റാലിന്‍

ചെന്നൈ: കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ദഹി എന്ന് ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന വിവാദപ്രസ്താവനയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലും ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയെ എതിര്‍ക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ മാതൃഭാഷകളോടുള്ള ഇത്തരത്തിലുള്ള ധിക്കാരപരമായ സമീപനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും മില്‍ക്ക് ഫെഡറേഷനുകളില്‍ ദഹി എന്ന ലേബല്‍ ഉപയോഗിക്കണമെന്നുള്ള പത്രവാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് സ്റ്റാലിന്റെ പ്രതികരണം

ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ്. തൈര് പാക്കറ്റുകളില്‍ കൂടി ഹിന്ദി ഉപയോഗിക്കണമെന്ന നിലയിലേക്കെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. കന്നടയേയും തമിഴിനേയും ഇതിലൂടെ ഇകഴ്ത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. തൈര് പാക്കറ്റുകളില്‍ തൈര് എന്ന് തമിഴില്‍ എഴുതുന്നതിന് പകരം ദഹി എന്നെഴുതിയുള്ള ലേബല്‍ ഒട്ടിയ്ക്കാനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. മില്‍ക്ക് ഫെഡറേഷനുകളോടും ക്ഷീര ഉത്പാദകരോടും ഉല്‍പ്പന്നങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചീസ്, വെണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാകും.

കര്‍ണാടകയിലും സമാനമായ വിവാദം ഉടലെടുത്തിട്ടുണ്ട്. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റില്‍ ”മൊസാരു” എന്ന കന്നഡ പദം കൂടി ഉപയോഗിക്കുന്നതിനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഹിന്ദിയുമായി ബന്ധപ്പെട്ടുള്ള കത്ത് ലഭിച്ചെന്ന് ബെംഗളൂരു മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂര്‍ത്തി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *