കോഴിക്കോട്: തലമുറകളെ സ്വാധീനിക്കുന്ന അധ്യാപകരുടെ അധ്യാപനശൈലി വരുംതലമുറക്ക് ബോധ്യമാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക്, ഗവ.ആര്‍ട്‌സ് കോളേജില്‍ ക്ലാസ് സംഘടിപ്പിച്ചു. 1977 മുതല്‍ 2015 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ച ഹിന്ദി വിഭാഗം റിട്ട. അധ്യാപകന്‍ ഡോ.ആര്‍സു ക്ലാസെടുത്തു. ഹിന്ദി കവിതയിലെ കാല്‍പ്പനിക പ്രസ്ഥാനത്തിന്റെ ഉത്ഭവ വികാസഘട്ടങ്ങള്‍ വിലയിരുത്തുന്നതായിരുന്നു ക്ലാസ്. 1978 ബാച്ചിലേയും ഇപ്പോഴത്തെ ബാച്ചിലേയും വിദ്യാര്‍ഥികള്‍ ക്ലാസിലെത്തി. ഹാജര്‍ വിളിച്ച ശേഷമായിരുന്നു ക്ലാസിന്റെ ആരംഭം. ഭാവനാവിഹായസ്സില്‍ പറന്നുയര്‍ന്ന കവികളെ മാനംനോക്കികളെന്നും പലായനവാദികളെന്നും മുദ്രകുത്തുന്നത് ശരിയായ സമീപനമല്ലെന്നും പ്രകൃതിസത്യങ്ങളുടെ മാനവീയ ജീവിത സത്യങ്ങള്‍ വിലയിരുത്തുകയാണ് ഛായാവാദ കവികള്‍ ചെയ്തതെന്നും ഡോ. ആര്‍സു അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഡോ.ആര്‍സുവിന്റെ അധ്യാപനം, വിവര്‍ത്തനം, ഗവേഷണം, അഭിമുഖങ്ങള്‍ – എന്നീ രംഗത്തെ സംഭാവനകള്‍ വിലയിരുത്തുന്ന ‘ സന്ദേശമാണ് ജീവിതം’ എന്ന പുസ്തകം ചടങ്ങിലെ രണ്ടാം സെഷനില്‍ പുറത്തിറക്കി. എബ്രഹാം മാത്യു, ഷീന ഈപ്പന്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത ഈ കൃതിയില്‍ 21 ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് പുസ്തകം പ്രകാശനം ചെയ്തു. അറിവ് നല്‍കുക മാത്രമല്ല സാംസ്‌കാരികമായ ഉള്‍ക്കാഴ്ചയും ജീവിത വീക്ഷണവും കൂടി നല്‍കുന്നവരെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകരായി പരിഗണിക്കുകയുള്ളൂവെന്ന് ബൈജുനാഥ് അഭിപ്രായപ്പെട്ടു. ഹിന്ദി വിഭാഗം മേധാവി ഇ. മിനി ആദ്യ കോപ്പി സ്വീകരിച്ചു. ഡോ.ഷീന ഈപ്പന്‍ സ്വാഗതവും ഡോ. ഒ. വാസവന്‍ നന്ദിയും പറഞ്ഞു.