കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം,കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത്;  കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് അമൃത്പാല്‍ സിങ്

കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം,കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത്;  കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് അമൃത്പാല്‍ സിങ്

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ പോലീസിന് മുന്‍പാകെ മൂന്ന് നിബന്ധനകള്‍ വെച്ചതായി സൂചന. താന്‍ കീഴടങ്ങിയതായി പോലീസ് വെളിപ്പെടുത്തണം, കസ്റ്റഡിയില്‍ തന്നെ മര്‍ദ്ദിക്കരുത്, തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം എന്നീ മൂന്ന് നിബന്ധനകളാണ് അമൃത്പാല്‍ മുന്നോട്ട് വെച്ചതെന്നാണ് സൂചന. ഒളിവില്‍ തുടരുന്നതിനിടെ അമൃത്പാലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുകയാണ്. കീഴടങ്ങുന്നതായി സൂചന ലഭിച്ചതോടെ അമൃത്സറിലടക്കം വന്‍ സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമൃത്പാലിന് വേണ്ടി പഞ്ചാബിലും നേപ്പാളിലും വരെ തെരച്ചില്‍ നടക്കുമ്പോഴാണ് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തെ തന്നെ സുവര്‍ണക്ഷേത്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയിലടക്കമാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഹോഷിയാര്‍ പൂരിലും അമൃത്പാലിനായി വലിയ തെരച്ചില്‍ നടക്കുന്നുണ്ട്. അമൃത്പാല്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് ഹോഷിയാര്‍പൂരിലും അടുത്തുള്ള ഗ്രാമങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തിയത്. ഹോഷിയാര്‍പൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം അമൃത്പാലിന്റെതെന്നാണ് പൊലീസ് അനുമാനം. അമൃത്പാല്‍ കീടങ്ങുമെന്ന വാര്‍ത്തയെ കുറിച്ച് അറിയില്ലെന്നാണ് പഞ്ചാബ് പൊലീസ് പ്രതികരണം.

മാര്‍ച്ച് 18ന് ശേഷം ഇത് ആദ്യമായാണ് അമൃത്പാലിന്റെ വീഡിയോ പുറത്ത് വരുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പോലീസില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അമൃത് പാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.സിക്കുമതം പിന്തുടരുന്നതിന് തന്റെ അനുയായികളെ കസ്റ്റഡിയിലെടുത്തുവെന്നും അമൃത് പാല്‍ സിംഗ് കുറ്റപ്പെടുത്തി. രണ്ടു മിനിറ്റും 20 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും അമൃത്പാല്‍ സിങ് വെല്ലുവിളിച്ചു.

സര്‍ക്കാര്‍ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണ്. സര്‍ക്കാരിനു തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്നാകാമായിരുന്നു. തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാല്‍ വീഡിയോയില്‍ വ്യക്തമാക്കി.

അകാല്‍ തഖ്ത് തലവന്‍ ഹര്‍പ്രീത് സിങ്ങിനോട് സര്‍ബാത് ഖല്‍സ (യോഗം) വിളിച്ചുകൂട്ടാന്‍ അമൃത്പാല്‍ ആവശ്യപ്പെട്ടു. വിളവെടുപ്പ് ഉത്സവമായ ബൈശാഖി ദിനത്തില്‍ തല്‍വണ്ടി സബോയില്‍ വച്ചാണ് യോഗം ചേരേണ്ടതെന്നും നിര്‍ദേശിച്ചു. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭീതി തകര്‍ക്കാനാണ് ഈ യോഗമെന്നും അമൃത്പാല്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *