ഭോപ്പാല്‍: കഴിഞ്ഞ വര്‍ഷം നമീബിയയില്‍നിന്നെത്തിച്ച ചീറ്റകളിലൊന്നായ സാഷ ചത്തത് മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് വിദഗ്ധര്‍. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. അതില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ദിവസം ചത്തത്. സാഷയുടെ മരണകാരണം ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദമാണെന്ന് മെഡിക്കല്‍ സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാഷയുടെ ക്രിയാറ്റിനന്‍ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കല്‍ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ക്രിയാറ്റിനന്‍ അളവ് വര്‍ധിച്ചത് കാരണം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം കാരണമാകാം ക്രിയാറ്റിനന്‍ ലെവല്‍ ഉയര്‍ന്നതെന്നും സംഘം വിലയിരുത്തി. സാഷയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ചീറ്റകളെയും അള്‍ട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും. സാഷയുടെ ജീവന്‍ രക്ഷിക്കാനായി മുഴുവന്‍ സമയവും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സാഷയുടെ മരണം വന്യജീവി പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
ആഫ്രിക്കയില്‍ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചു.