തിരുവനന്തപുരം: 2026 ഓടെ വിദ്യാഭ്യാസത്തിനോടൊപ്പം തൊഴില്‍ എന്ന ആശയം നടപ്പിലാക്കി സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച മികവ് 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 ബോര്‍ഡുകളിലായി 6.7 ലക്ഷം തൊഴിലാളികള്‍ക്ക് 25 കോടി രൂപയുടെ സഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് ബോര്‍ഡുള്ളത്. തൊഴിലാളി അധ്വാനമാണ് ഭരണത്തുടര്‍ച്ചക്ക് കാരണമായതെന്ന ബോധ്യം ഗവണ്‍മെന്റിനുണ്ട്. തൊഴിലാളി താല്‍പര്യം സംരക്ഷിച്ചു കൊണ്ടാണ് നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത്.
ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള 47 ലക്ഷം വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി 3000 കോടി രൂപ ചെലവില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കുകയും ചെയ്തു. ഫിന്‍ലാന്‍ഡ് മാതൃകയില്‍ സന്തോഷ സൂചികയിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സംസ്ഥാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കാവശ്യമായ പരിശീലനം നല്‍കും. ഒഡേപേകിന്റെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളില്‍ നഴ്സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞുവെന്നത് അഭിമാനന്ദനാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.