കോഴിക്കോട്: കാരന്തൂര്‍ ശ്രീ ഹരഹര മഹാദേവ ക്ഷേത്രം മഹോത്സവം ഏപ്രില്‍ ഒന്നു മുതല്‍ ആറുവരെ ആഘോഷപൂര്‍വ്വം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നിന് പ്രതിഷ്ഠാ ദിനമാണ്. രാവിലെ ആറുമണിമുതല്‍ 3000ത്തോളം പേര്‍ പങ്കെടുക്കുന്ന കോടി അര്‍ച്ചന മഹായജ്ഞവും ഉത്സവകാല വിശേഷാല്‍ പൂജകള്‍, കലവറ നിറക്കല്‍ ഉണ്ടാകും. ഉച്ചക്ക് പ്രസാദ ഊട്ട് വഴിപാട്, വൈകുന്നേരം ചുറ്റുവിളക്ക്, ഉത്സവ കൊടിയേറ്റം, ശീവേലി, ഗുരുവായൂര്‍ അക്ഷയ് കൃഷ്ണന്‍ (ആന) ഭഗവാന്റെ തിടമ്പേറ്റും നടക്കും. തുടര്‍ന്ന് രാത്രി ഓസ്‌കാര്‍ മനോജ് നയിക്കുന്ന സ്‌റ്റേജ് ലൈവ്‌ഷോ അരങ്ങേറും. രണ്ടിന് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള താലപ്പൊലിയോടു കൂടിയുള്ള ആഘോഷവരവുകളുണ്ടാകും. സ്റ്റേജില്‍ രാവിലെ ഓട്ടന്‍തുള്ളല്‍, വീണാവാദനം, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. രാത്രി സൂര്യാസ് കുന്ദമംഗലം അവതരിപ്പിക്കുന്ന ‘ ശിവദം’ നൃത്ത സംഗീത സമര്‍പ്പണം നടക്കും.
മൂന്നിന് രാവിലെ സ്റ്റേജില്‍ സെമിക്ലാസിക്കല്‍ നൃത്തങ്ങളും ചാക്യാര്‍കൂത്തും ഭജനയും രാത്രിയില്‍ തപസ്യ കലാ സാഹിത്യവേദി അവതരിപ്പിക്കുന്ന നാടകം ‘കുരുക്ഷേത്രം’ അരങ്ങേറും. നാലിന് രാവിലെ മോഹിനിയാട്ടവും സോപാന സംഗീതവും രാത്രിയില്‍ പിന്നണിഗായിക ദുര്‍ഗ വിശ്വാനാഥ് നയിക്കുന്ന ഗാനമേള (അവകരണം: എസ്.എസ് ഓര്‍ക്കസ്ട്ര, പയ്യന്നൂര്‍)യും അരങ്ങേറും. അഞ്ചിന് രാവിലെ ഭജനയും വൈകീട്ട് കാരന്തൂര്‍ നഗരത്തില്‍ നഗര പ്രദക്ഷിണവും തുടര്‍ന്ന് വെടിക്കെട്ടും ഉണ്ടായിരിക്കും. ആറിന് ഉത്സവം കൊടിയിറങ്ങും. വാര്‍ത്താസമ്മേളനത്തില്‍ നാരായണന്‍ ഭട്ടതിരിപ്പാട് ( പ്രസിഡന്റ്), കെ.കെ സുകുമാരന്‍ (ജന.കണ്‍വീനര്‍), വി.പി അശോകന്‍ (ആഘോഷ കമ്മിറ്റി ചെയര്‍മാന്‍), പള്ളിക്കല്‍ കൃഷ്ണന്‍ മാസ്റ്റര്‍ (മുഖ്യ രക്ഷാധികാരി), പ്രജീഷ്.പി, വി.പി അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.