വധശ്രമക്കേസ്:  ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ പരിശോധിക്കാന്‍ സുപ്രീം കോടതി

വധശ്രമക്കേസ്:  ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ പരിശോധിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതി. ഫൈസലിനെതിരായ കുറ്റം ഗുരുതരമാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ജനപ്രതിധികള്‍ക്ക് സാധാരണ പൗരന്മാര്‍ക്കുള്ള അവകാശം മാത്രമേയുള്ളൂവെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന വാദത്തിനിടെ പറഞ്ഞു. അപൂര്‍വമായ സാഹചര്യങ്ങളിലേ ശിക്ഷാവിധി സ്റ്റേ ചെയ്യാറുള്ളൂ എന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരേ ലക്ഷദ്വീപ് ഭരണകൂടമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലോക്‌സഭാ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതും പിന്നീട് തെരഞ്ഞെടുപ്പ് നടത്തുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കുമെന്ന് നിരീക്ഷിച്ചുകൊണ്ട് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുന്നത് അപൂര്‍വമായ കാര്യമാണെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ എ.എസ്.ജി.കെ. എം നടരാജ് വാദിച്ചു. ഹര്‍ജി അടുത്തമാസം 24 ലേയ്ക്ക് മാറ്റിയ കോടതി കേസിലെ എല്ലാ സാക്ഷിമൊഴികളും ഹാജരാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചതായി വ്യക്തമാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് ഇന്ന് രാവിലെ അടിയന്തര ഉത്തരവിറക്കി. വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ കുറ്റക്കാരനെന്ന വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജനുവരിയില്‍ ഹൈക്കോടതി ശിക്ഷാവിധി തടഞ്ഞിരുന്നെങ്കിലും എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇതുവരെ നീക്കിയിരുന്നില്ല. തുടര്‍ന്ന് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ രാവിലെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിന്‍വലിച്ച് ഉത്തരവിറക്കിയത്. കോടതികളില്‍ നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകുന്നതുവരെ അയോഗ്യത പിന്‍വലിക്കുന്നു എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *