ന്യൂഡല്‍ഹി: ആത്മഹത്യാശ്രമം ലൈവ് പോസ്റ്റിട്ട യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി ഫേസ്ബുക്കും ഡല്‍ഹി പോലീസും. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ 40 ഓളം ഗുളികകള്‍ കഴിച്ച യുവാവ് പോസ്റ്റ് ചെയ്ത ആത്മഹത്യ ചെയ്യുകയാണെന്ന ലൈവ് വീഡിയോ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായത്. വീഡിയോ പോസ്റ്റിനെക്കുറിച്ച് ഫേസ്ബുക്ക് ഡല്‍ഹി പോലീസിനെ അറിയിച്ചു. സംഭവം കൃത്യസമയത്ത് അറിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്വദേശിയായ 25കാരന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. ലൈവില്‍ വന്ന യുവാവ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ട ഫേസ്ബുക്ക് ഡല്‍ഹി പൊലീസിന് സന്ദേശം കൈമാറുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍ യൂണിറ്റ് (ഐ.എഫ്.എസ്.ഒ)
നന്ദ് നഗ്രി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് യുവാവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് കിടപ്പുമുറിയില്‍ അവശനായ നിലയിലുള്ള യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു അടിയന്തര ചികിത്സ നല്‍കി. ചികിത്സക്കു ശേഷമുള്ള പൊലീസ് ചോദ്യം ചെയ്യലില്‍ നാല്‍പ്പത് ഗുളികകള്‍ ഒരുമിച്ച് കഴിച്ചതായി യുവാവ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം മുതല്‍ മകന് ഡിപ്രഷന്‍ സ്റ്റേജിലാണെന്നും അതിന് ചികിത്സ നല്‍കിയതായും യുവാവിന്റെ കുടുംബം പറഞ്ഞു. നിലവില്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.