വാരണാസി : ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് യു.പി കോണ്‍ഗ്രസ് നേതാവും മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ അജയ് റായ്. എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ചാണ് അജയ് റായ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. യു പി വാരാണസായിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്.
മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.
ഇതിനിടെ ലോക്സഭയില്‍ നിന്നും അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. വീടൊഴിയുന്നതടക്കമുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കുമെന്ന് രാഹുല്‍ ലോക്‌സഭാ സെക്രട്ടറിക്ക് ഉറപ്പു നല്‍കി.