മാഹി: ജാതി-മത ചിന്തകള്‍ക്കുമപ്പുറം മനുഷ്യനെ ഒന്നായി കാണുകയും, മാനുഷിക പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുകയെന്നതാണ് സി.എച്ച് സെന്ററിന്റെ ലക്ഷ്യമെന്നും, ഒരമ്മ പെറ്റ മക്കളെപ്പോലെ മനുഷ്യരെയെല്ലാം ചേര്‍ത്തു പിടിക്കാനാവണമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ഏത് ശ്രമവും ചെറുക്കപ്പെടണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ജീവകാരുണ്യത്തിന്റേയും, സന്നദ്ധ സേവനത്തിന്റേയും കര്‍മനിരതമായ ദശവര്‍ഷങ്ങള്‍ പിന്നിടുന്ന മാഹി സി.എച്ച് സെന്ററിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മാഹി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം നീളുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുന്നാള്‍ കിറ്റ് വിതരണവും, നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ഇ.കെ.മുഹമ്മദലി, എ.വി സിദ്ദീഖ് ഹാജി, അജ്മല്‍ നിയാദ്, എ.വി.സലാം സംസാരിച്ചു. എ.വി അന്‍സാര്‍ സ്വാഗതവും, ടി.ജി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.