ബെംഗളൂരു: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന് കനത്ത പ്രഹരമേല്പിച്ച് ബഞ്ചാര പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. മെയ് 10 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. സംവരണത്തോത് നിശ്ചയിക്കുന്നതോടെ പട്ടികജാതിയില്‍ നിന്ന് പുറത്തുപോകുമോ എന്ന ഭയമാണ് പട്ടികജാതി സമൂഹങ്ങളെ പ്രത്യേകിച്ച് ബഞ്ചാരകളെ ശക്തമായ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്കിടയില്‍ ചേരിത്തിരിവ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സംവരണത്തോത് നിശ്ചയിക്കുന്നതിനുള്ള നീക്കമെന്നാണ് ബഞ്ചാര സമുദായം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമാണ് ഈ നീക്കമെന്നും ആരോപണമുണ്ട്.
പട്ടികജാതി വിഭാഗമായ ബഞ്ചാരകളുടെ പ്രതിഷേധം കനത്തതോടെ മൂന്നു ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാവുമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി എസ് യെദ്യൂരപ്പ രംഗത്തെത്തി. ലിംഗായത്, വൊക്കലിംഗ സമുദായങ്ങളെ കൂടെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പി.ക്ക് കിട്ടിയ വലിയ പ്രഹരമാണ് ബഞ്ചാരകളുടെ പ്രതിഷേധം. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വീട് ആക്രമിച്ച് തുടങ്ങിയ പ്രതിഷേധം പലയിടത്തേക്കും വ്യാപിച്ചു. ഇപ്പോഴത്തെ സമരങ്ങള്‍ യെദ്യൂരപ്പയെ ഒതുക്കാന്‍ ബി.ജെ.പി ക്ക് അകത്തു നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
23% വരുന്ന ദളിത് വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ എതിരാകുമെന്ന സൂചനകളെത്തിയതോടെ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാണ്. സംവരണത്തോത് നിശ്ചയിക്കുന്നതോടെ പട്ടികയില്‍ പുറത്തുപോകുമെന്ന് ആശങ്കയുള്ള കൊറച്ച, കോറമ, ബോവി സമുദായങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് തടയാനാണ് ഊര്‍ജിത ശ്രമം. മുസ്ലീം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം ഒബിസി സംവരണം കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്കാണ് ഈ സംവരണം ലഭിക്കുക. പട്ടികജാതിക്കാര്‍ക്കുള്ള 17 ശതമാനം സംവരണത്തില്‍ 6 ശതമാനം പട്ടികജാതി (ഇടത്), 5.5 ശതമാനം പട്ടികജാതി (വലത്), മറ്റുളളവര്‍ക്ക് ഒരു ശതമാനം, 4.5 ശതമാനം വൊക്കലിംഗ, വീര-ശൈശവ ലിംഗായത്തുകാര്‍ക്കായി വിഭജിച്ച് നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2005ല്‍ രൂപീകരിച്ച ജസ്റ്റിസ് എ ജെ സദാശിവ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായങ്ങളിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമാണ് ഈ നീക്കമെന്നും ആരോപണമുണ്ട്.