കോഴിക്കോട്: 2024 ഓടെ ഇന്ത്യയില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിലാണ് 120 കോടിയുടെ അഴിമതി നടന്നതെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസുമാണ് അഴിമതിയുടെ പിന്നില്‍.
ജല്‍ജീവന്‍ മിഷന് വേണ്ടി കഴിഞ്ഞ വര്‍ഷം 9,00 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാല്‍ സംസ്ഥാനം വിഹിതം അനുവദിച്ചിട്ടില്ല. മലപ്പുറത്തുള്ള കരാറുകാരന് കരാര്‍ ലഭിക്കാന്‍ വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റുകയായിരുന്നു. മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ കരാര്‍ പിടിച്ചത്. ഫ്‌ളാറ്റ് ബോട്ടം അപ്‌വേഡ് ഫ്‌ളോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്‌നോളജി ഉപയോഗിച്ച് പൊന്നാനിയില്‍ പ്ലാന്റ് ചെയ്തുവെന്നാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതെങ്കിലും അങ്ങനൊരു ടെക്‌നോളജിയില്‍ വര്‍ക്ക് നടന്നിട്ടില്ലെന്ന് കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ കണ്ടെത്തി. എന്നാല്‍ അവരെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും മലപ്പുറം സൂപ്രണ്ടിനെ കോഴിക്കോട്ടെത്തിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി 559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയര്‍ത്തി 614 കോടിക്ക് ക്വാട്ട് ചെയ്യിപ്പിച്ചു. ഇതില്‍ കോടികളുടെ ഇടപാടാണ് നടന്നത്. ഇപ്പോള്‍ കരാറ് കിട്ടിയിട്ടുള്ള മിഡ്‌ലാന്‍ഡ് കമ്പനിക്ക് നേരെ കിഫ്ബി പദ്ധതിയില്‍ തിരിമറി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയില്‍ ഈ കാര്യങ്ങള്‍ കൊണ്ടുവരുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.