ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10 ന് ഒറ്റഘട്ടമായി പോളിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.
കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19 ന് ശേഷം 9.17 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. 9, 17,241 പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യും.41, 312 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്.29, 141 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ സത്യവാങ്മൂലം ഓണ്‍ലൈനായി വോട്ടര്‍മാര്‍ക്ക് കാണാനാകും.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സിവിജില്‍ ആപ്പ് തയ്യാറാക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു
അതേസമയം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പും തിടുക്കത്തില്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.