ഒന്നാം ക്ലാസില്‍ പ്രവേശനപ്രായം ഈ വര്‍ഷവും അഞ്ച് തന്നെ; ആറാക്കില്ലെന്ന് വി. ശിവന്‍കുട്ടി

ഒന്നാം ക്ലാസില്‍ പ്രവേശനപ്രായം ഈ വര്‍ഷവും അഞ്ച് തന്നെ; ആറാക്കില്ലെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആറ് വയസ് ആക്കണമെന്ന കേന്ദ്രനിര്‍ദേശം ഈ വര്‍ഷവും നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം ഉയര്‍ത്തിയാണ് കേന്ദ്ര നിര്‍ദേശം. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച്, 5+3+3+4 എന്ന രീതിയാണെന്നിരിക്കെ പല സംസ്ഥാനങ്ങളിലും അഞ്ചാം വയസില്‍ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിര്‍ദേശം കടുപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന ഘടനയിലാണ് മുന്നോട്ട് പോകുന്നത്. മൂന്ന് വര്‍ഷത്തെ പ്രീ സ്‌കൂളും ഒന്നും രണ്ടും ക്ലാസും ചേര്‍ന്നാണ് അഞ്ച് വര്‍ഷമുള്ള ഒന്നാം ഘട്ടം. മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ ചേരുന്നതാണ് രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാംഘട്ടം. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ അവസാന ഘട്ടം എന്ന നിലയിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, പല സംസ്ഥാനങ്ങളിലും പ്രീ സ്‌കൂള്‍ സംവിധാനം കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ ഒന്നാം ക്ലാസിലെത്തുന്നു. അവരെ നോക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരില്ലാത്ത സാഹചര്യം വരും. ഇത് കുട്ടികളുടെ മാനസികമായ വളര്‍ച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ മൂന്ന് വര്‍ഷം പ്രീ സ്‌കൂളിങ് ഉറപ്പാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. യോഗ്യരായ അധ്യാപകരെ സൃഷ്ടിക്കാന്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ (ഡി.പി.എസ്.ഇ) കോഴ്സ് രൂപകല്‍പന ചെയ്യുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *