ന്യൂഡല്‍ഹി: വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും എന്നായിരുന്നു സൂചന. എന്നാല്‍, കര്‍ണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായെങ്കിലും വയനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിച്ചതേയില്ല. വയാനാടിനെ കുറിച്ചുള്ള ചോദ്യത്തിന് ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
കര്‍ണാടകയിലെ കോലാറില്‍ 2019 ല്‍ ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. സൂറത്തിലെ ചീഫ് മെട്രോ പോളിറ്റന്‍ കോടതിയാണ് അദ്ദേഹത്തിന്റെ എം.പി സ്ഥാനം റദ്ദാക്കിയത്. തുടര്‍ന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു. കീഴ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. അയോഗ്യനാക്കിയതിന് പിന്നാലെ തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ ഏപ്രില്‍ 22 ന് മുമ്പായി വസതി ഒഴിയാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയും ചെയ്തു. 2004 ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും വിജയിച്ചത് മുതല്‍ തുടര്‍ച്ചയായി രാഹുല്‍ ഈ വസതിയിലാണ് തുടരുന്നത്.