മുംബൈ: മഹാരാഷ്ട്രയില്‍ 2022 ജൂണില്‍ ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയതിലെ മുഖ്യ ആസൂത്രകന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്ന് ആരോഗ്യമന്ത്രി തനാജി സാവന്തിന്റെ വെളിപ്പെടുത്തല്‍. ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടര്‍ന്നായിരുന്നു ഉദ്ധവ് രാജിവെച്ചത്. ഉദ്ധവ് താക്കറെയെ താഴെയിറക്കാനുള്ള പദ്ധതിയുടെ ഭാഗമായി നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും ഫഡ്‌നാവിസും 150 തവണ കൂടിക്കാഴ്ച നടത്തിയെന്നും ഉദ്ധവ് മന്ത്രിസഭയില്‍ തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതുകൊണ്ടാണ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ തീരുമാനിച്ചതെന്നും സാവന്ത് പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡേയും ഉദ്ധവും തമ്മിലുള്ളത് ശിവസേനയ്ക്കുള്ളിലെ പ്രശ്‌നം മാത്രമാണെന്നും ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയതില്‍ പങ്കില്ലെന്നുമായിരുന്നു ഇതുവരെ ബി.ജെ.പിയുടേയും ഫഡ്‌നവിസിന്റേയും വാദം. തനാജി സാവന്തിന്റെ വെളിപ്പെടുത്തലോടെ ഈ വാദം പൊളിഞ്ഞിരിക്കുകയാണ്. ഉദ്ധവിന്റെ രാജിയോടെ ശിവസേന, എന്‍.സി.പി.,കോണ്‍ഗ്രസ് സഖ്യം തകര്‍ന്നതോടെ ഷിന്‍ഡേ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.