കോഴിക്കോട്: ജെ.ഡി.ടിയും ഇഖ്‌റ ഹോസ്പിറ്റലും വിഭാവനം ചെയ്യുന്ന പ്രസ്ഥാനമായ ഇമാദിന്റെ ലോഗോ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനും ജെ.ഡി.ടി ശതാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാനുമായ എം.പി അഹമ്മദ് പ്രകാശനം ചെയ്തു. ജനങ്ങളുടെ സഹായത്തോടെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയ മാക്കുക എന്നതാണ് ഇമാദ് ചാരിറ്റിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ.പി.സി അന്‍വര്‍ (എക്‌സി.ഡയരക്ടര്‍ ഇഖ്‌റ ഹോസ്പിറ്റല്‍ ആന്റ് ജെ.ഡി.ടി ഇസ്ലാം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി) പറഞ്ഞു. ജെ.ഡി.ടിയുടെ ശതാബ്ദി കാലയളവില്‍ പ്രഖ്യാപിത ലക്ഷ്യങ്ങലില്‍ ഊന്നി വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും. അടുത്ത ഒരു വര്‍ഷത്തിനകം ഇമാദിലേക്ക് പൊതുജനങ്ങളില്‍ നിന്ന് 30 കോടി രൂപ സമാഹരിക്കും. ഈ തുക ജെ.ഡി.ടിയിലും ഇഖ്‌റയിലും പ്രഖ്യാപിക്കപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും.
ജെ.ഡി.ടിക്ക് കീഴിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി 25 ശതമാനം സീറ്റുകള്‍ അനാഥരും അഗതികളുമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നീക്കിവയ്ക്കും. ഇഖ്‌റ ആശുപത്രി പ്രതിമാസം രണ്ടരക്കോടി രൂപയുടെ ചാരിറ്റി പ്രവര്‍ത്തനം നടത്തി വരികയാണ്. ഇമാദിലൂടെ സാമ്പത്തികമായി ഏറ്റവും പ്രയാസമുനഭവിക്കുന്ന രോഗികള്‍ക്ക് എല്ലാ ദിവസങ്ങളിലും കിഡ്‌നി/ലിവര്‍ മാറ്റിവയ്ക്കല്‍, ആന്‍ജിയോപ്ലാസ്റ്റി, മറ്റ് വിവിധ സ്‌പെഷ്യാലിറ്റി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങലിലെ ചെലവേറിയ സര്‍ജറികള്‍ ചെയ്ത് കൊടുക്കും. അനാഥകളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ്, പുതിയ മെഡിക്കല്‍ കോളേജും നിലവിലെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളും ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ഡീംസ് യൂണിവേഴ്‌സിറ്റി, ഇഖ്‌റ ആശുപത്രിയെ ആയിരം കിടക്കകളിലേക്ക് വ്യാപിപ്പിച്ച് മികവിന്റെ കേന്ദ്രമാക്കല്‍, 100 ബഡ്ജറ്റ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകള്‍, എല്ലാ ജില്ലകളിലും ഇഖ്‌റ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, 100 ഇഖ്‌റ ഫാര്‍മസികള്‍, ഡിജിറ്റലൈസേഷന്‍ സമ്പൂര്‍ണമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം, അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍, മാനുഷിക മൂല്യങ്ങള്‍ക്ക് ആവിഷ്‌കാരമടക്കമുള്ള പത്തിന പദ്ധതികളാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെ.ഡി.ടി പ്രസിഡന്റ് ഡോ.വി.ഇദ്രിസ്, ജോ.സെക്രട്ടറി എം.പി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ സി.എ ആരിഫ്, ഡോ.ഹംസ തയ്യില്‍, ഇഖ്‌റ ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്നിവര്‍ സംബന്ധിച്ചു.