അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കും; അതീവ ജാഗ്രതയില്‍ പഞ്ചാബ് പൊലീസ്

അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കും; അതീവ ജാഗ്രതയില്‍ പഞ്ചാബ് പൊലീസ്

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍വാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് പൊലീസിന് മുന്‍പില്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് അതീവ ജാഗ്രതയിലായ പഞ്ചാബ് പോലീസ് സുവര്‍ണ ക്ഷേത്രത്തിനു മുന്നിലുള്ള സുരക്ഷ വര്‍ധിപ്പിച്ചു. ഉപാധികള്‍ വെച്ചാവും അമൃത്പാല്‍ കീഴടങ്ങുക എന്നാണ് സൂചന. അതേസമയം, അമൃത്പാല്‍ സിങിനായി ഹോഷിയാര്‍പൂരില്‍ തെരച്ചില്‍ തുടരുകയാണ്.

കനത്ത ജാഗ്രതയ്ക്കിടയിലും പഞ്ചാബ് പോലീസിന്റെ കണ്ണുവെട്ടിച്ച് നേപ്പാളിലേയ്ക്ക് കടന്ന അമൃത്പാലിനായുള്ള തിരച്ചില്‍ നേപ്പാളില്‍ എത്തിനില്‍ക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍. മാര്‍ച്ച് 21 ന് അമൃത്പാല്‍ ഡല്‍ഹിയിലെത്തി എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചനകള്‍. ഡല്‍ഹിയിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിക്ക് തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാല്‍ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പല്‍പ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്.

നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചതായുള്ള തെളിവുകള്‍ പഞ്ചാബ് പൊലീസിന് ലഭിച്ചിരുന്നു. അതിനാല്‍ കുരുക്ഷേത്രയില്‍ നിന്ന് അമൃത്പാല്‍ നേരെ ദില്ലിയിലെത്തി എന്നാണ് അനുമാനം. അമൃത്പാലിനായി മാര്‍ച്ച് 18ന് തുടങ്ങിയ തെരച്ചില്‍ 28 ആം തിയ്യതി എത്തി നില്‍ക്കുമ്പോള്‍ ഇപ്പോള്‍ പ്രധാന അന്വേഷണം നേപ്പാള്‍ കേന്ദ്രീകരിച്ചാണ്. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് നേപ്പാള്‍ സര്‍ക്കാര്‍ രാജ്യത്ത് നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്തി അമൃത്പാലിനായുള്ള തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് അമൃത്പാലിന്റെ അഭിഭാഷകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് തൊട്ടടുത്താണ് പൊലീസെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *