അട്ടപ്പാടി മധു കേസ്; അന്തിമ വിധി 30ന്

അട്ടപ്പാടി മധു കേസ്; അന്തിമ വിധി 30ന്

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ വിധി ഈ മാസം 30ന്. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണ് കേസില്‍ നാളെ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. കേസില്‍ വിചാരണ തുടങ്ങിയത് മുതല്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. കോടതിയില്‍ കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍ പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.

2022 ഏപ്രില്‍ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇന്‍ക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൂറുമാറി. രഹസ്യമൊഴി നല്‍കിയ 8 പേരില്‍ 13ാം സാക്ഷി സുരേഷ് കുമാര്‍ മാത്രമാണ് മൊഴിയില്‍ ഉറച്ചു നിന്നത്. അഡ്വ. സി. രാജേന്ദ്രനെ മാറ്റി രാജേഷ് എം. മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടും കൂറുമാറ്റം തുടര്‍ന്നു. പ്രോസിക്യൂഷന് സാക്ഷികളെ കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ.

ജാമ്യത്തില്‍ പുറത്തുള്ള പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരാണ്. സാക്ഷികളിലേറെയും പ്രതികളെ ആശ്രയിച്ചു കഴിയുന്നവര്‍. വിചാരണ തുടങ്ങാന്‍ വൈകിയതും കൂറുമാറ്റം എളുപ്പത്തിലാക്കി. ഇതോടെയാണ് സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കാന്‍ തീരുമാനമായത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ 12 പ്രതികള്‍ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായി. വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാള്‍ക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പ്രതികളും സാക്ഷികളും പോലിസ് നിരീക്ഷണത്തിലായി. പ്രതികളുടെ ഫോണ്‍ കോളുകളും പണമിടപാടുകളും പോലിസ് കൃത്യമായി പരിശോധിച്ചു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ ഫോണില്‍ വിളിച്ചെന്ന് കണ്ടെത്തി. പ്രധാന ഇടനിലക്കാരന്‍ ആനവായി സ്വദേശി ആഞ്ചന്‍. ആസൂത്രിതമായ കൂറുമാറ്റം നടന്നെന്ന് വന്നതോടെ 12 പ്രതികളുടെ പ്രതികളുടെ ജാമ്യം റദ്ദാക്കി.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ചത് 103 പേരെയാണ്. 10 മുതല്‍ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നല്‍കിയത്. മധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികള്‍ നിരന്തരം കൂറു മാറിയതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുകയും, രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയുമായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *