സിയോള്‍: ഉത്തര കൊറിയന്‍ സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായതിനെ രണ്ട് ലക്ഷത്തോളം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തില്‍ കിം ജോങ് ഉന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ 653 റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതിനെ തുടര്‍ന്ന് അവ കണ്ടെത്തുന്നതിനാണ് ഉത്തരകൊറിയയിലെ ഹെയ്സാന്‍ നഗരത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. മാര്‍ച്ച് ഏഴിനാണ് റൈഫിള്‍ ബുള്ളറ്റുകള്‍ കാണാതായതായി മേലുദ്യോഗസ്ഥരോട് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 25നും മാര്‍ച്ച് 10നും ഇടയില്‍ ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന സൈന്യത്തെ പിന്‍വലിച്ച സമയത്താണ് ബുള്ളറ്റുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടതെന്ന് വാര്‍ത്ത ഏജന്‍സിയായ റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപ്പെട്ട ബുള്ളറ്റുകള്‍ക്കായി സൈനികര്‍ രഹസ്യമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
ഇതോടെ വ്യാപക പരിശോധന നടത്താനും ബുള്ളറ്റുകള്‍ തിരികെ ലഭിക്കുംവരെ നഗരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും കിം ജോങ് ഉന്‍ ഉത്തരവിടുകയായിരുന്നു. നഗരത്തിലെ ഓരോ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയുണ്ടകള്‍ കാണാതായതുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരിശോധന ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ബുള്ളറ്റുകള്‍ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.