‘സി.പി.എമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെ’ : വിവാദ പരാമര്‍ശത്തിന് കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി

‘സി.പി.എമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെ’ : വിവാദ പരാമര്‍ശത്തിന് കെ സുരേന്ദ്രനെതിരെ മ്യൂസിയം പൊലീസില്‍ പരാതി

തിരുവനന്തപുരം: തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോട് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.

സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ഓരോരുത്തരുടെയും സംസ്‌കാരം അവരവര്‍ പറയുന്ന വാക്കുകളില്‍ കാണാന്‍ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സുധാകരന്‍ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം, സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

പ്രവര്‍ത്തകരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമായി സി.പി.എമ്മില്‍ ധാരാളം സ്ത്രീകളുണ്ട്. അവരെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രന്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പ്രതികരിച്ചു. സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാന്‍ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *