ന്യൂഡല്‍ഹി: വീടൊഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി. മാര്‍ച്ച് 23 നാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു. 2004ല്‍ ആദ്യം എംപിയായത് മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലാണ്. കത്തിന് മറുപടിയായി നിര്‍ദേശം അനുസരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ വിധിയെഴുത്തനുസരിച്ചാണ് ഈ വസതിയില്‍ കഴിഞ്ഞതെന്നും സന്തോഷപൂര്‍ണമായ ഓര്‍മ്മകളാണ് തനിക്കുള്ളതെന്നും രാഹുല്‍ നല്‍കിയ മറുപടിയിലുണ്ട്.
അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭ ഹൗസിംഗ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് അയച്ചത്. അതേസമയം, രാഹുലിന്റെ സുരക്ഷ വിലയിരുത്താന്‍ സി.ആര്‍.പി.എഫ് ഉടന്‍ യോഗം ചേരും. ലോക്‌സഭാ സെക്രട്ടേറിയേറ്റ് കത്ത് നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്റെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നത്. നിലവില്‍ സി.ആര്‍.പി.എഫിനാണ് രാഹുലിന്റെ സുരക്ഷാ ചുമതല. അയോഗ്യനാക്കപ്പെട്ടെങ്കിലും സുരക്ഷ കുറച്ചേക്കില്ലെന്നാണ് വിവരം. പുതിയ വസതിയുടെ സാഹചര്യം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെയൊരുക്കുന്നത് യോഗം വിലയിരുത്തും. 2019 ലാണ് രാഹുലിന്റെയും സോണിയയുടെയും പ്രിയങ്കയുടെയും എസ്.പി.ജി സുരക്ഷ പിന്‍വലിച്ച് കേന്ദ്രം സി.ആര്‍.പി.എഫ് സുരക്ഷയാക്കിയത്.