ബ്രഹ്‌മപുരം തീപിടിത്തം; അട്ടിമറിയില്ല,അമിത ചൂടെന്ന് റിപ്പോര്‍ട്ട്

ബ്രഹ്‌മപുരം തീപിടിത്തം; അട്ടിമറിയില്ല,അമിത ചൂടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ 12 ദിവസത്തോളം നീണ്ടുനിന്ന തീ പിടുത്തത്തിന് കാരണമായത് അമിത ചൂടെന്ന് പോലീസ് റിപ്പോര്‍ട്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തില്‍ പ്ലാന്റിന് തീയിട്ടതായി തെളിവില്ലെന്നും അട്ടിമറിയില്ലെന്നും പറയുന്നു. എന്നാല്‍ മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണ്. പ്ലാന്റില്‍ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ ദിവസങ്ങളോളം നീണ്ടുനിന്ന തീപിടിത്തത്തെ തുടര്‍ന്നാണ് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. പ്ലാന്റിലെ ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അടക്കം 50ഓളം പേരുടെ മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചു. എന്നാല്‍ പരിശോധനയില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രഹ്‌മപുരത്തെ തീ പൂര്‍ണ്ണമായും അണച്ചതിനു ശേഷം വിദഗ്ധരുടെ സാന്നിധ്യത്തില്‍ പ്ലാന്റില്‍ പരിശോധന നടത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിന് മുകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ കനത്തില്‍ കിടക്കുന്ന മാലിന്യ കൂമ്പാരത്തിന് അടിത്തട്ടിലേക്ക് എത്തുമ്പോള്‍ താപനില വീണ്ടും ഉയരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാന്റില്‍ എപ്പോഴും തീപിടിത്ത സാധ്യതയുണ്ടെന്നും തീ അണയ്ക്കാനുള്ള സംവിധാനവും സ്ഥിരമായ നിരീക്ഷണവും വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ കഴിഞ്ഞ ദിവസം രണ്ടാമതും തീപിടിച്ചിരുന്നു. ഞായറാഴ്ച പടര്‍ന്ന തീ പൂര്‍ണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അഗ്‌നിശമന സേന ബ്രഹ്‌മപുരത്ത് തുടരുന്നുണ്ട്. ബ്രഹ്‌മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഞായറാഴ്ച തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് വിവരം.

ഈ സെക്ടറിലെ മാലിന്യക്കൂന എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് ഇളക്കിമറിച്ച് അതിലേക്ക് വെള്ളം പമ്പു ചെയ്യുന്നത് രാത്രിയിലും തുടരുകയാണ്. ജാഗ്രത തുടരാനും സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താനും അഗ്‌നി രക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാം നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സെക്ടര്‍ ഒന്നിലെ സി.സി.ടി.വിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി. വഴി ചീഫ് സെക്രട്ടറിക്ക് കൈമാറി. സെക്ടര്‍ ഒന്നിലെ സി.സി.ടി.വി. മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സി.സി.ടി.വി. ഫോക്കസ് ചെയ്തിരുന്ന പ്രദേശത്തായിരുന്നില്ല തീപിടിച്ചത്. അതിനാല്‍ തീപിടിച്ചു തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.അതേസമയം, തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ഉപഗ്രഹദൃശ്യങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *