കൊച്ചി : ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സംഘടനയായ നോണ്‍ റിലിജിയസ് സിറ്റിസണ്‍സ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസറ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങളായ ബഞ്ച് തള്ളിയത്.
ചേലാകര്‍മ്മത്തിനെതിരെ നിയമനിര്‍മാണം വേണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി നിയമനിര്‍മാണ സഭയല്ലന്നും, സര്‍ക്കാരിനോട് നിയമം നിര്‍മിക്കാന്‍ പറയാന്‍ കോടതിക്ക് കഴിയില്ലന്നുമാണ് ബഞ്ച് വ്യക്തമാക്കിയത്. വെറും പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നോണ്‍ റിലിജിയസ് സിറ്റിസണ്‍സിനു പുറമേ ടി.എം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എന്‍., കെ. അബ്ദുല്‍ കലാം എന്നിവരും ഹര്‍ജിയില്‍ കൂട്ടുകക്ഷികളായിരുന്നു.
പതിനെട്ട് വയസിനുമുന്‍പ് ചേലാകര്‍മം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ചേലാകര്‍മം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നടപടി നിരോധിച്ചുകൊണ്ട് നിയമം തയാറാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി നിയമനിര്‍മ്മാണ സമിതിയല്ലെന്നും പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു.