കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ല: ഒരു കുടുംബത്തിലെ ഏഴ്‌പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ല: ഒരു കുടുംബത്തിലെ ഏഴ്‌പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. നാരായണ്‍ ചേതന്‍ റാം ചൗധരി എന്നയാള്‍ക്കാണ് 28 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചനത്തിനുള്ള വഴിയൊരുങ്ങിയത്. പ്രായപൂര്‍ത്തി ആയ ശേഷമായിരുന്നു കേസിലെ വിചാരണ നടന്നത്. ഇതിലായിരുന്നു പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനം. ജസ്റ്റിസ് കെ എം ജോസഫ, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം.

1994 ല്‍ മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടക്കുന്നത്. നാരായണ്‍ ചേതന്‍ റാം ചൗധരി അടക്കമുള്ളവര്‍ ചേര്‍ന്ന് 5 സ്ത്രീകളേയും രണ്ട് കുട്ടികളേയും മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിലൊരാള്‍ ഗര്‍ഭിണിയും ആയിരുന്നു. രാജസ്ഥാനില്‍ നിന്ന് 1994ല്‍ സെപ്തംബര്‍ 5നാണ് ഇയാളെ പിടികൂടുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാളുടെ പ്രായം 12 ആണെന്ന് തെളിയിക്കുന്ന രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ക്ക് രക്ഷയായത്.

1998ലാണ് കോടതി ഇയാളെ തെറ്റുകാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2000 സെപ്തംബറില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ശരിയാണെന്ന് സുപ്രീം കോടതിയും ശരിവച്ചിരുന്നു. സഹകുറ്റവാളികളിലൊരാളായ ജീതേന്ദ്ര നൈന്‍സിംഗിന്റെ ശിക്ഷ 2016ല്‍ നടപ്പിലാക്കിയിരുന്നു. നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നാരായണ്‍ ചേതന്‍ റാം ചൗധരിയുള്ളത്. കുട്ടിയെന്ന നിലയില്‍ പരമാവധി നല്‍കാനുള്ള തടവ് മൂന്ന് വര്‍ഷമാണ്. ഈ ശിക്ഷ ഇതിനോടകം നാരായണ്‍ ചേതന്‍ റാം ചൗധരി അനുഭവിച്ചതായി കോടതി വിശദമാക്കി.

അതിനാല്‍ നാരായണ്‍ ചേതന്‍ റാം ചൗധരിയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഹാജരാക്കിയ വിവിധ രേഖകള്‍ അനുസരിച്ച് പ്രതിക്ക് പല പ്രായമാണ് കാണിക്കുന്നതെന്നാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കുറ്റപത്രം അനുസരിച്ച് 20-22 ഉം, വോട്ടര്‍ പട്ടിക അനുസരിച്ച് കുറ്റകൃത്യം നടക്കുമ്പോള്‍ 19 ഉം വയസുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി കണക്കിലെടുത്തില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *