റാഞ്ചി: ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയില്‍ ബാങ്കിന്് സംഭവിച്ച പിഴവു മൂലം ബീഡിത്തൊഴിലാളി അറസ്റ്റില്‍. 42 കാരനായ ജീത്റാല്‍ സാമന്താണ് ബാങ്കിന് സംഭവിച്ച പിഴവു കാരണം അറസ്റ്റിലായത്. ഒരു സ്ത്രീയുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്ത ആധാര്‍ നമ്പറിലെ പിശകു കാരണം പണം ജീത്റാമിന്റെ അക്കൗണ്ടിലാണ് എത്തിയത്. അക്കൗണ്ട് നമ്പര്‍ മാറി വന്നതാണെന്നറിയാതെ ജീത്റാല്‍ പണം പിന്‍വലിക്കുകയായിരുന്നു.
ഗ്രാമത്തിലെ സേവാ കേന്ദ്രത്തില്‍ നിന്ന് കൊവിഡ് കാലത്താണ് ഇയാള്‍ അക്കൗണ്ടില്‍ പണമുള്ള കാര്യം ശ്രദ്ധിക്കുന്നത്. ഇതോടെ ബാങ്ക് പ്രതിനിധിയുടെ കൂടെ സഹായത്തോടെയാണ് ഇയാള്‍ പണം പിന്‍വലിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് തന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കാണാതായത് ശ്രീമതി ലാഗൂരി എന്ന സ്ത്രീ ശ്രദ്ധിക്കുന്നത്. ഇവര്‍ ബാങ്കില്‍ പരാതി നല്‍കുകയായിരുന്നു. അധികൃതര്‍ക്ക് മാനേജര്‍ പരാതി കൈമാറുകയായിരുന്നു. പിശക് കണ്ടെത്തിയതോടെ ജീത്റാലിനോട് പണം തിരികെ നല്കാന് ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സ്വന്തം അക്കൌണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ചെലവിട്ടതിനാല്‍ തിരികെ നല്കാനാവാത്ത സ്ഥിതിയിലുമായി ജീത്റാല്‍.
ഇതിന് പിന്നാലെയാണ് വിശ്വാസ വഞ്ചനയ്ക്ക് ജീത്റാലിനെതിരെ കേസ് എടുക്കുന്നത്. മാര്‍ച്ച് 24നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണ് പണം ഇയാളുടെ അക്കൗണ്ടിലെത്താന്‍ കാരണമായതെന്ന് പൊലീസ് വിശദമാക്കുന്നു. പണം പിന്‍വലിച്ച ശേഷം വിവരം മറ്റാരും അറിയാതിരിക്കാന്‍ സേവാ കേന്ദ്രത്തിലെ ജീവനക്കാരന് കൈക്കൂലി നല്കിയതിനാല് തനിക്ക് അവകാശപ്പെട്ട പണമല്ല പിന്‍വലിച്ചതെന്ന ധാരണ ഇയാള്‍ക്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പണം തിരികെ നല്‍കുന്നത് സംബന്ധിയായ നോട്ടീസ് നല്കിയപ്പോള് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണമാണ് അക്കൗണ്ടില്‍ വന്നതെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. ബാങ്കുകളുടെ ലയനത്തിനിടെ സംഭവിച്ച തകരാറ് മൂലമാണ് ആധാര്‍ നമ്പര്‍ മറ്റൊരു അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടതെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.