ജിയോന്‍ജു: പ്രായത്തെ വെല്ലുവിളിച്ച് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ജിയോന്‍ജു സ്വദേശിയായ ചാ സാ സൂന്‍. അതും 960-ാമത്തെ ശ്രമത്തില്‍ ഇതിനായി ചാ ചെലവഴിച്ചതാകട്ടെ 11 ലക്ഷത്തോളം രൂപയും. ദക്ഷിണ കൊറിയയിലെ തിരക്കേറിയ പച്ചക്കറി വ്യവസായി കൂടിയാണ് ചാ സാ സൂന്‍.
2005 ഏപ്രില്‍ മാസത്തിലായിരുന്നു ഇവര്‍ ലൈസന്‍സിനായുള്ള ആദ്യം ശ്രമം നടത്തിയത്. ഇത് പരാജയപ്പെട്ടു. ഇതില്‍ തളരാതെ ലൈസന്‍സിനായുള്ള പ്രയത്‌നം ചാ സാ സൂന്‍ തുടരുകയായിരുന്നു. ഒരു ഘട്ടത്തില്‍ ആഴ്ചയിലെ അഞ്ച് ദിവസവും പരീക്ഷ എഴുതുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ലൈസന്‍സിനായുള്ള ശ്രമത്തില്‍ ഏറ്റവുമധികം വെല്ലുവിളികളുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. 40 ല്‍ അധികം തിയറി ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയാല്‍ മാത്രമാണ് എഴുത്ത് പരീക്ഷയെന്ന കടമ്പ ദക്ഷിണ കൊറിയയില്‍ കടക്കാനാവുക. റോഡ് പരീക്ഷയേക്കാളും എഴുത്ത് പരീക്ഷയാണ് ദക്ഷിണ കൊറിയയില്‍ ലൈസന്‍സിന് ചെല്ലുന്നവരെ വലയ്ക്കുന്നത്.
960-ാമത്തെ പരിശ്രമത്തിലാണ് എഴുത്ത് പരീക്ഷ ചാ സാ സൂന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ 10-ാമത്തെ പരീക്ഷണത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയാണ് ചാ സാ സൂന്‍ ഏവരേയും അമ്പരപ്പിച്ചത്. ലൈസന്‍സ് നേടാനുള്ള ശ്രമങ്ങളിലായി ചാ സാ സൂന്‍ ചെലവിട്ടത് 11 ലക്ഷത്തോളം രൂപയാണ്. ആദ്യ കാലത്ത് ആഴ്ചയിലെ അഞ്ച് തവണ എഴുതിയിരുന്ന പരീക്ഷ പിന്നീട് ആഴ്ചയില്‍ രണ്ട് തവണ എന്ന നിലയിലേക്ക് ചാ സാ സൂന്‍ ചുരുക്കിയിരുന്നു.
പ്രാക്ടിക്കല്‍ പരീക്ഷ ഈ മിടുക്കി ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് ചാ സാ സൂനിന്റെ പരിശീലകന്‍ പ്രതികരിക്കുന്നത്.