ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തെ അപമാനിച്ചാല്‍ സഹിക്കില്ല എന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മോദി പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ താന്‍ സവര്‍ക്കര്‍ അല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറിനെതിരായ യാതൊരു വിധത്തിലുള്ള അനാദരവും തങ്ങള്‍ സഹിക്കില്ലെന്നും അദ്ദേഹം രാഹുലിന് മുന്നറിയിപ്പ് നല്‍കി. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ജനാധിപത്യത്തിനെതിരായുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെയുണ്ട്. പക്ഷേ ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് സഹിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
‘ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ 14 വര്‍ഷത്തോളം ചിന്തിക്കാന്‍ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണ് സവര്‍ക്കര്‍. നമുക്കൊക്കെ അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് വായിക്കാനേ കഴിയൂ. അതൊരു തരം ത്യാഗം തന്നെയാണ്. സവര്‍ക്കറെ അപമാനിക്കുന്ന യാതൊരു പരാമര്‍ശവും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.’
‘ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ശിവസേനയിലെ ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുന്നതാണെന്നത് അംഗീകരിക്കുന്നു. എങ്കിലും അദ്ദേഹം സവര്‍ക്കറെ പരിഹസിക്കുന്നത് ജനാധിപത്യത്തിന് തിരിച്ചടിയാകുകയേ ഉള്ളൂ’ ഉദ്ധവ് താക്കറെ പറഞ്ഞു.