ന്യൂഡല്‍ഹി: വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി. അതെ സമയം മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഒരു ഇളവും അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. മദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍-13 ലേക്ക് മാറ്റി.
ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു കാരണവശാലും ബെംഗളൂരു വിടരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മദനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ
പൂര്‍ത്തിയായത് സംബന്ധിച്ച കോടതി രേഖകള്‍ ഇരുവരും സുപ്രീം കോടതിക്ക് കൈമാറി.
ബാബറി മസ്ജിദ് പൊളിക്കലിന് ശേഷമുണ്ടായ കലാപ കേസുകളിലും, കോയമ്പത്തൂര്‍ സ്‌ഫോടന കേസിലും മദനി പ്രതി ആയിരുന്നുവെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ എല്ലാം അദ്ദേഹം കുറ്റ വിമുക്തനായതായി സിബലും, ഹാരിസും ചൂണ്ടിക്കാട്ടി.
ജാമ്യ വ്യവസ്ഥ മദനി ഇതുവരെ ലംഘിച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതി ബെഞ്ച് കര്‍ണാടക സര്‍ക്കാരിനോട് ആരാഞ്ഞു. കര്‍ശന വ്യവസ്ഥകളായിരുന്നു സുപ്രീം കോടതി മുന്നോട്ട് വെച്ചതെന്നും അതിനാല്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അഭിപ്രായപ്പെട്ടു. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹര്‍ജി നീട്ടി വെക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. പൗരന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരം ഒരു വാദം ഉന്നയിച്ചതിന് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു.