കോഴിക്കോട്: കാമുകനെത്തേടിയെത്തിയ റഷ്യന്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം ഏറ്റതില്‍ വിശദീകരണവുമായി കാമുകന്റെ മാതാപിതാക്കള്‍ രംഗത്ത്. ലഹരിമരുന്നിന് അടിമയായത് കൊണ്ടാണ് കാമുകനായ ആഖില്‍ റഷ്യന്‍ യുവതിയെ മര്‍ദ്ദിച്ചതെന്ന് മാതാപിതാക്കള്‍. ഇരുവരും വിവാഹിതരാകാനാണ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. തര്‍ക്കമുണ്ടായ ദിവസവും ആഖില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. മര്‍ദ്ദനം സഹിക്കാതെയാണ് ടെറസ് വഴി താഴേക്ക് ചാടിയത്. യുവതി പിന്നീട് പൊലീസ് സ്റ്റേഷനിലേക്കാണ് പോയതെന്നും മാതാപിതാക്കള്‍ പറയുന്നു. യുവതിയുടെ പാസ്‌പോര്‍ട്ട് മകന്‍ നശിപ്പിച്ചിട്ടില്ലെന്നും മാതാപിതാക്കള്‍ വിശദീകരിച്ചു.
ലഹരിക്ക് അടിമയായ ആഖില്‍ റഷ്യന്‍ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത് ഫെബ്രുവരി 19 നായിരുന്നു. പിന്നീട് പലതവണ യുവതിയെ ആഖില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. യുവതി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുന്നതിന് തലേ ദിവസവും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.
പേരാമ്പ്രയിലേക്കുള്ള കാര്‍ യാത്രക്കിടെ മുളിയിങ്ങലില്‍ വെച്ച് വാഹനത്തില്‍ നിന്നും യുവതി പുറത്തേക്ക് ചാടി. നാട്ടുകാര്‍ അറിയിച്ചതോടെ വനിത പൊലീസ് ഉദ്യോഗസ്ഥയെത്തി ഇവരെ സ്റ്റേഷനിലേക്ക് ഇവരുടെ കാറില്‍ തന്നെ കൊണ്ടുപോയി. വഴിയില്‍ വെച്ച് ആഖില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് സ്വന്തം വീട്ടിലേക്ക് വണ്ടിയോടിച്ച് പോയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ സമയ ബന്ധിതമായി ഇടപെടുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് കൂരാച്ചുണ്ട് പൊലീസിന്റെ വിശദീകരണം.
റിമാന്‍ഡിലായ ആഖിലിനെതിരെ ബലാത്സംഗം ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകളുണ്ട്. പരിക്കേറ്റ റഷ്യന്‍ യുവതി പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയ ശേഷം തിരികെ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. ഇനി ഇവരെ റഷ്യയിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികളാണ് റഷ്യന്‍ കോണ്‍സുലേറ്റ് സ്വീകരിക്കുന്നത്.ആശുപത്രിയില്‍ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാന്‍ താത്കാലിക പാസ്‌പോര്‍ട്ടിനായി നടപടി തുടങ്ങി.