ന്യൂഡല്‍ഹി: മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തോട് രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. വീര്‍ സവര്‍ക്കറിനെതിരേയുള്ള രാഹുല്‍ ഗാന്ധിയുടെ അസംബന്ധങ്ങളും നുണകളും തുറന്ന് കാട്ടേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും സവര്‍ക്കറാകാന്‍ കഴിയില്ലെന്നും അതിന് രാജ്യത്തോടുള്ള സ്നേഹം ആവശ്യമാണെന്നും അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. ‘പ്രിയ രാഹുല്‍, നിങ്ങളുടെ സ്വപ്നങ്ങളില്‍ പോലും സവര്‍ക്കര്‍ ആകാന്‍ കഴിയില്ല. കാരണം സവര്‍ക്കറാകാന്‍ ശക്തമായ നിശ്ചയദാര്‍ഢ്യവും ഭാരതത്തോടുള്ള സ്നേഹവും നിസ്വാര്‍ത്ഥതയും പ്രതിബദ്ധതയും ആവശ്യമാണ്. രാഹുല്‍ ഗാന്ധിയെ പോലെ വര്‍ഷത്തില്‍ ആറ് മാസം വിദേശത്ത് പോകുകയോ രാജ്യത്തിനെതിരെ വിദേശികളുടെ സഹായം തേടുകയേ സവര്‍ക്കര്‍ ചെയ്തിട്ടില്ല’, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
സവര്‍ക്കര്‍ ബ്രിട്ടനിലേക്ക് പോയപ്പോള്‍ ഭാരതമാതാവിനെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ബ്രിട്ടീഷുകാാര്‍ക്കെതിരെ അദ്ദേഹം യുദ്ധം ചെയ്തു. സവര്‍ക്കര്‍ ഈ രാജ്യത്തെ ജനങ്ങളുടെ ആദരവ് വെറുതെ നേടിയതല്ല. അക്കാലത്തെ അറിയപ്പെടുന്ന നേതാക്കളും ചിന്തകരും സവര്‍ക്കറുടെ രാജ്യ സ്നേഹത്തിലും ധീരതയിലും അത്ഭുതം കൊണ്ടിരുന്നു. വീര്‍ സവര്‍ക്കറിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ത്താതെയുള്ള അസംബന്ധങ്ങളും നുണകളും തുറന്ന് കാട്ടേണ്ട സമയമാണ് ഇത്’, അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് കുടുംബാധിപത്യപാര്‍ട്ടിയാണെന്ന ബി.ജെ.പി. വിമര്‍ശനത്തോട് പ്രതികരിക്കവെ, നെഹ്റു കുടുംബത്തെ ഹിന്ദു ദൈവം രാമനുമായി താരതമ്യം ചെയ്ത പ്രിയങ്കാ ഗാന്ധിയേയും അദ്ദേഹം വിമര്‍ശിച്ചു.
നെഹ്‌റു കുടുംബത്തെ ഭഗവാന്‍ രാമനുമായി താരതമ്യം ചെയ്യുന്നതിലും നിര്‍ഭാഗ്യകരമായ മറ്റൊന്നില്ലെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഈ താരതമ്യം സഹോദരന്റേയും സഹോദരിയുടേയും ധിക്കാരത്തെ സൂചിപ്പിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധിയേയും രാഹുലിനേയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേയുള്ള കോണ്‍ഗ്രസ് സത്യാഗ്രഹത്തിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശം. വനവാസത്തിന് അയക്കപ്പെട്ടിട്ടും ഭഗവാന്‍ രാമന്‍ കുടുംബത്തിനും മണ്ണിനും വേണ്ടി ഉത്തരവാദിത്വം നിര്‍വഹിച്ചു. അത് കുടുംബാധിപത്യപരമായിരുന്നോ പാണ്ഡവര്‍ കുടുംബങ്ങള്‍ക്കു വേണ്ടിയല്ലേ പോരാടിയത് കുടുംബാംഗങ്ങള്‍ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത് എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.