തലശ്ശേരി: കെ.സി.വൈ.എം തലശ്ശേരി അതിരൂപത മുന്‍ ഡയരക്ടര്‍ മോണ്‍ കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാമൂഹ്യ സേവന അവാര്‍ഡ് ബ്ലഡ് ഡോണേഴ്‌സ് കേരളക്ക്. തലശ്ശേരി സന്ദേശ് ഭവനില്‍ നടന്ന ആദ്യകാല നേതാക്കളുടെ സമ്മേളനത്തില്‍ വച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ടില്‍ നിന്നും ഏറ്റുവാങ്ങി. 2011 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍ ബസ് കണ്ടക്ടറായ വിനോദ് ഭാസ്‌ക്കര്‍ തുടങ്ങിവച്ച ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ഇന്ന് കേരളത്തിനകത്തും പുറത്തും കമ്മിറ്റികളുള്ള സംഘടനയായി മാറിയത്. രക്തദാനത്തിനൊപ്പം ബോധവല്‍ക്കരണ ക്ലാസുകള്‍, സന്നദ്ധ രക്തദാന ക്യാമ്പുകള്‍ എന്നിവ നടത്തി വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുകളും മറ്റ് സഹായവും നല്‍കുന്ന ‘സ്‌നേഹസ്പര്‍ശം’, തെരുവില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് പുതപ്പ് നല്‍കുന്ന ‘സ്‌നേഹ പുതപ്പ്’, കണ്ണൂര്‍ പോലിസുമായി സഹകരിച്ച് പോലിസ്-ബി.ഡി.കെ അക്ഷയപാത്രം വഴി എല്ലാ ദിവസവും ‘ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി’, പാലിയേറ്റ് കെയര്‍ വിംഗ്, കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ വിഗ്ഗ് നല്‍കുന്നതിനായുള്ള ‘കേശദാനം സ്‌നേഹ ദാനം’ പദ്ധതി, കേശദാന ക്യാമ്പുകള്‍ എന്നിവ നടത്തി വരുന്നു. വിദ്യാര്‍ഥികളില്‍ രക്തദാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാമ്പസ് വിംഗ്, വനിതകളില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി എയ്ഞ്ചല്‍സ് വിംഗ്, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ട്രോമാകെയര്‍ വിംഗ് എന്നിവയും പ്രവര്‍ത്തിച്ച് വരുന്നു.