പൈലറ്റുമാരുടെ അശ്രദ്ധ, ഒഴിവായത് വന്‍ ദുരന്തം; എയര്‍ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി നേപ്പാള്‍

പൈലറ്റുമാരുടെ അശ്രദ്ധ, ഒഴിവായത് വന്‍ ദുരന്തം; എയര്‍ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി നേപ്പാള്‍

കാഠ്മണ്ഡു: നേപ്പാളിലെ സിമാറ വിമാനത്താവളത്തിന്റെ വ്യോമ മേഖലയില്‍ മാര്‍ച്ച് 24 ന് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ അശ്രദ്ധയെത്തുടര്‍ന്ന് വന്‍ ആകാശ ദുരന്തം ഒഴിവായതിനു പിന്നാലെ പൈലറ്റുമാര്‍ക്കെതിരേ നടപടിയുമായി നേപ്പാള്‍. 19000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് 3700 അടിയിലേയ്ക്ക് താഴ്ത്തിപ്പറക്കുകയായിരുന്നു. നേപ്പാള്‍ എയര്‍ ലൈനിനു വേണ്ടി എയര്‍ ഇന്ത്യ വിമാനത്തോടു 19000 അടി ഉയരത്തില്‍ തുടരണമെന്ന നിര്‍ദേശം നല്‍കിയിരിക്കെയായിരുന്നു ഇത്. തലനാരിഴയ്ക്കാണ് വന്‍ ആകാശ ദുരന്തത്തില്‍ നിന്ന് നേപ്പാള്‍ രക്ഷപ്പെട്ടത്. എയര്‍ ഇന്ത്യാ വിമാനം പൊടുന്നനെ താഴേയ്ക്ക് വന്നതിനു പിന്നാലെ നേപ്പാള്‍ എയര്‍ലൈനിന്റെ വിമാനത്തെ ഉയര്‍ത്തിയാണ് കൂട്ടിയിടി സാഹചര്യം ഒഴിവാക്കിയത്.

സംഭവത്തിനു പിന്നാലെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എയര്‍ ഇന്ത്യ പൈലറ്റുമാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കിയത്. വിലക്ക് സംബന്ധിയായ അറിയിപ്പ് ഡി ജി സി എ യ്ക്ക് നല്‍കിയതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിശദമാക്കി. തലനാരിഴക്ക് ഒഴിവായ അപകട സാഹചര്യത്തെക്കുറിച്ച് ഇന്ത്യന്‍ കമ്മിഷനെയും വിവരം അറിയിച്ചിട്ടുണ്ട്. കാഠ്മണ്ഡുവില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം പൈലറ്റുമാര്‍ അടക്കമുള്ള വിമാനത്തിലെ ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചോദ്യം ചെയ്തിരുന്നു.

തനിക്കു വന്ന ഗുരുതര വീഴ്ചയാണിതെന്നും സംഭവത്തില്‍ ക്ഷമാപണംനടത്തുന്നതായും എയര്‍ ഇന്ത്യയുടെ പൈലറ്റ് ഇന്‍ കമാന്‍ഡ്’ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് പ്രതികരിച്ചതായാണ് എ എന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈലറ്റുമാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെയും ഇതിനോടകം ഡ്യൂട്ടിയില്‍ നിന്നും നീക്കിയിട്ടുണ്ട് .അനിശ്ചിതകാലത്തേക്കാണ് എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ക്കുള്ള നേപ്പാളിന്റെ വിലക്ക്.

മാര്‍ച്ച് മൂന്നാം വാരം എയര്‍ ഇന്ത്യ വിമാനത്തിലെ സേവനങ്ങളുടെ ഗുണമേന്മക്കുറവിനേ ചൊല്ലി യു.എന്‍ നയതന്ത്രജ്ഞന്‍ നടത്തിയ പ്രതികരണം വന്‍ വിവാദമായിരുന്നു. വിമാനത്തിലെ പാറ്റകളെ കുറിച്ചും തകര്‍ന്ന സീറ്റിനേക്കുറിച്ചും ചിത്ര സഹിതമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ സമാനമായ യാത്രാനുഭവം ലഭിച്ച നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *