പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിപക്ഷ എം.പി മാര്‍

പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് പ്രതിപക്ഷ എം.പി മാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ നാല് മണി വരെയും രാജ്യസഭ രണ്ട് മണി വരേയും നിര്‍ത്തിവെച്ചിരിക്കുകയാണ്.കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. ബഹളം മൂലം സഭാനടപടികള്‍ തടസ്സപ്പെട്ടു. ഒരു മിനുട്ട് മാത്രമാണ് ഇരുസഭകളും ചേര്‍ന്നത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഹൈബി ഈഡന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അദാനി വിഷയത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്നു. ഡി.എം.കെ, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, ആര്‍.എസ.്പി, ആം ആദ്മി സി.പി.ഐ.എം, സി.പി.ഐ, ആര്‍.ജെ.ഡി, എന്‍.സി.പി, ഐ.യു.എം.എല്‍, ശിവസേന എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. കറുത്ത വസ്ത്രം ധരിച്ച് വരാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *