നായ വളര്‍ത്തല്‍:  നഗരസഭാ നിയമാവലി കൃത്യമായി പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

നായ വളര്‍ത്തല്‍:  നഗരസഭാ നിയമാവലി കൃത്യമായി പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം : നായയെ വളര്‍ത്തുന്നവരും പരിപാലിക്കുന്നവരും നഗരസഭ തയ്യാറാക്കുന്ന വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന ‘ വ്യവസ്ഥ നഗരസഭ തയ്യാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.നഗരസഭ തയ്യാറാക്കിയ നിയമത്തിലെയും സര്‍ക്കുലറിലെയും വ്യവസ്ഥകള്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ കൃത്യമായി പാലിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍, വന്ധ്യംകരണം തുടങ്ങിയ കാര്യങ്ങള്‍ ഉടമസ്ഥര്‍ ഉറപ്പാക്കണം. നഗരസഭ തയ്യാറാക്കുന്ന നിയമാവലി എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും കമ്മീഷന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

പി. ടി. പി. നഗറില്‍ പ്രവര്‍ത്തിക്കുന്ന നായ വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ പി. ടി. പി. നഗര്‍ സ്വദേശി പ്രിയന്‍ സി ഉമ്മന്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. മേരി മാമ്മന്‍ പി. ടി. പി. നഗറില്‍ നടത്തുന്ന പട്ടിവളര്‍ത്തല്‍ കേന്ദ്രം കാരണം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിച്ചു.നഗരസഭ തയ്യാറാക്കുന്ന പുതിയ നിയമാവലിയില്‍ ഭൗതിക സാഹചര്യമുണ്ടെങ്കില്‍ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാള്‍ക്ക് 5 നായ്ക്കളെ വളര്‍ത്താമെന്ന് പറയുന്നു.

തെരുവു നായക്കളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്ക് ഹോം ബേഡ്‌സ് ഷെല്‍ട്ടര്‍ എന്ന രീതിയില്‍ ലൈസന്‍സ് നല്‍കും. വീടിനടുത്തുള്ള തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന സര്‍ക്കുലര്‍ നിലവിലുണ്ട്. പി. ടി. പി. നഗറിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷനും വന്ധ്യംകരണവും നടത്തുമെന്നും സെക്രട്ടറി അറിയിച്ചു. എന്നാല്‍ ഇതൊന്നും പരിസരവാസികള്‍ക്കും അയല്‍ക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മേരി മാമ്മന്റെ നായവളത്തല്‍ കേന്ദ്രം നഗരസഭാ ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ കൂടി സന്ദര്‍ശിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *