കോഴിക്കോട്: ജനങ്ങളുടെ മനസില്‍ രാഹുല്‍ഗാന്ധിക്കുള്ള സിംഹാസനം തകര്‍ക്കാന്‍ മോദിക്കും ബി.ജെ.പിക്കും കഴിയില്ലെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരായ കടന്നാക്രമണത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധി ലണ്ടനില്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തിയെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് പാര്‍ലമെന്റില്‍ അവസരം നിഷേധിക്കുകയാണുണ്ടായത്. പാര്‍ലമെന്റില്‍ ഭരണകക്ഷി സഭാനടപടികള്‍ തടസ്സപെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. രാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഭരണകക്ഷി സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത്. അദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ സപീക്കര്‍ തയ്യാറായില്ല. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ മൂന്ന് തവണ സ്പീക്കറെ കണ്ട് രാഹുല്‍ഗാന്ധിക്ക് തന്റെ ഭാഗം വിശദീകരിക്കുവാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി തനിക്ക് പറയാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് നേരിട്ടാവശ്യപ്പെട്ടു. സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറുകയാണുണ്ടായത്.
മോദി-അമിത്ഷാ, ബി.ജെ.പി നേതൃത്വം എന്ത് പറയുന്നു അത് നടപ്പിലാക്കപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സംസാരിക്കാനെഴുന്നേറ്റാല്‍ മൈക്ക് ഓഫാക്കുകയാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സ്പീക്കറായിരുന്ന മീരാകുമാര്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ പരിഗണന നല്‍കിയിരുന്നു. ഖുഷ്ബു കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ട്വീറ്റ് ചെയ്തത് ‘മോദി എന്ന് പേരുള്ളവര്‍ കള്ളന്മാരാണെന്നാണ്’. എന്നാല്‍ ഖുഷ്ബു ബി.ജെ.പിയിലെത്തിയപ്പോള്‍ അവര്‍ക്ക് ദേശീയ വനിതാകമ്മീഷന്‍ അംഗത്വം നല്‍കുകയാണ് മോദി ചെയ്തത്. നെഹ്രുവിന്റെ പേരില്ലാതാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. നെഹ്രുവിന്റെ സംഭാവനകള്‍ പിഴുതെറിയാന്‍ ഇത്തരം നടപടികളിലൂടെ സാധിക്കില്ല. ലക്ഷദ്വീപ് എം.പിയുടെ കേസില്‍ കേരള ഹൈക്കോടതി ഉത്തരവ് ലോക്‌സഭാ സ്പീക്കര്‍ അവഗണിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ അഹിംസാ മാര്‍ഗത്തിലൂടെ പ്രക്ഷോഭവും നിയമപരമായ പോരാട്ടവും തുടരും. ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ തല കുനിക്കാത്ത പാരമ്പര്യം കൈമുതലായുള്ള കോണ്‍ഗ്രസിന് മോദിയുടെ വെല്ലുവിളികള്‍ നേരിടാന്‍ കരുത്തുണ്ടെന്നും എഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.സിദ്ദീഖ് എം.എല്‍.എ, പി.എം നിയാസ്, കെ.സി അബു, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, മഠത്തില്‍ നാണു, ദിനേശ് പെരുമണ്ണ, കെ.എം ഉമ്മര്‍, ആദംമുത്സി, എം.ഹരിപ്രിയ, മഠത്തില്‍ ശ്രീധരന്‍, പി.മൊയ്തീന്‍ മാസ്റ്റര്‍, ഐ.പി രാജേഷ്, കെ.സി ശോഭിത, പി.എം അബ്ദുറഹിമാന്‍ പ്രസംഗിച്ചു.