കൊച്ചി: നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വി.പി.എസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെ കൂടി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 50 വര്‍ഷം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ അനവധി അവിസ്മരണീയമായ കഥാപത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. 1972 ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ എത്തിയത്. 18 വര്‍ഷക്കാലം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും അത്തവണ വിജയിക്കുകയും എം.പിയാവുകയും ചെയ്തു. 2019ലും മത്സരച്ചെങ്കിലും അത്തവണ പരാജയപ്പെട്ടു. കാന്‍സറിനെ പോലും പടപൊരുതി വിജയിച്ച അദ്ദേഹത്തിന്റെ ജീവിതം ഒരുപാടു പേര്‍ക്ക് മാതൃകയായിരുന്നു. കാന്‍സര്‍കാല അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’യെന്ന പുസ്തകം ഏവരേയും പ്രചോദിപ്പിക്കുന്ന ഒന്നായിരുന്നു. 750ഓളം ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തിന്റെ അവാസാന ചിത്രം അഖില്‍ സത്യന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന പാച്ചുവും അത്ഭുതവിളക്കുമാണ്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ നാളെ (ചൊവ്വ) രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.