ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍, 110 പ്രതികളെ വെറുതെ വിട്ടു

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍, 110 പ്രതികളെ വെറുതെ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി വിധിച്ചു. 88ാം പ്രതി ദീപക്, 18ാം പ്രതി സി.ഒ.ടി നസീര്‍, 99ാം പ്രതി ബിജു പമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ശിക്ഷ പിന്നീട് വിധിക്കും. കേസില്‍ 110 പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ എം.എല്‍.എമാരായ സി.കൃഷ്ണന്‍, കെ.കെ.നാരായണന്‍ തുടങ്ങിയവര്‍ വെറുതെ.വിട്ടവരിലുണ്ട്.

2013 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ക്കെതിരെ രണ്ട് വകുപ്പ് മാത്രമാണ് തെളിഞ്ഞത്. ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ സി.പി.എം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സി.പി.എം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സി.പി.എം അംഗമാണ്.

2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അന്നുണ്ടായ കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്കു പരുക്കേറ്റിരുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം ഉണ്ടായത്. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന കെ.സി.ജോസഫ് എം.എല്‍.എ, കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായിരുന്ന ടി.സിദ്ദിഖ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *