‘ഇന്നസെന്റ്: ചിരി മരുന്നായി പകര്‍ന്ന കലാകാരന്‍’: ഷെവ.സി.ഇ ചാക്കുണ്ണി

‘ഇന്നസെന്റ്: ചിരി മരുന്നായി പകര്‍ന്ന കലാകാരന്‍’: ഷെവ.സി.ഇ ചാക്കുണ്ണി

കോഴിക്കോട്: ചിരി മരുന്നായി പകര്‍ന്ന് അനേകരുടെ മുറിവുണക്കിയ അസാധാരണ കലാകാരനായിരുന്നു ഇന്നസെന്റെന്ന് മലയാള ചലചിത്ര കാണികള്‍ (മക്കള്‍) സംസ്ഥാന പ്രസിഡന്റ് ഷെവ.സി.ഇ ചാക്കുണ്ണി അനുസ്മരിച്ചു. രോഗ തീവ്രതയാല്‍ മുറിവേറ്റ മനസോടെ കാന്‍സര്‍ വാര്‍ഡുകളില്‍ കഴിഞ്ഞ രോഗികള്‍ക്ക് ഇന്റസെന്റിന്റെ ചിരിമേമ്പൊടി ചേര്‍ത്ത അനുഭവ വിവരണം സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ല. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും ചെയര്‍മാന്‍ സി. എന്‍. വിജയകൃഷ്ണനോടൊപ്പം ഇന്നസെന്റുമൊത്ത് പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മാറാരോഗമെന്ന ആധിയില്‍ പുഞ്ചിരി പോലും മറന്ന കാന്‍സര്‍ രോഗികളോട് സ്വതസിദ്ധമായ ശൈലിയിലായിരുന്നു അദ്ദേഹം സംവദിച്ചിരുന്നത്. തനിക്കും കാന്‍സര്‍ വന്നതാണെന്നും എന്നാല്‍ ചെറുത്തു തോല്‍പ്പിച്ചെന്നും അദ്ദേഹം അനുഭവ വിവരണം നടത്തവേ രോഗികളിലും പോരാട്ട വീര്യമുണരും.

കൊഴിഞ്ഞ മുടിയിഴകളോര്‍ത്ത് സങ്കടപ്പെടേണ്ടതില്ലെന്നും രോഗം മാറിയാല്‍ എല്ലാം ഇതേപോലെ കിളിര്‍ത്ത് കൂടുതല്‍ സുന്ദരമാകുമെന്നും ഇന്നസെന്റ് പറയുമ്പോള്‍ രോഗികളുടെ മുഖത്ത് പുഞ്ചിരിയല്ല പൊട്ടിച്ചിരിയാണ് അല തീര്‍ക്കുക. ഇത്രയേറെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കാന്‍ കഴിവുള്ള പ്രാസംഗികര്‍ കലാകാരന്‍മാരില്‍ കുറവാണെന്നും അതുകൊണ്ട് കൂടിയാണ് ഇന്നസെന്റിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ തീരാനഷ്ടമാകുന്നതെന്നും ഷെവ. സി.ഇ ചക്കുണ്ണി പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിനിടയിലും സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചാക്കുണ്ണിയ്ക്ക് ഇന്നസെന്റിനൊപ്പമുള്ള അഭിനയ ദിനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ച വൈകാരിക ഓര്‍മയാണ്. വി.എം വിനു സംവിധാനം ചെയ്ത വേഷമെന്ന സിനിമയിലാണ് ചാക്കുണ്ണി ഇന്നസെന്റിനൊപ്പം കാമറയ്ക്ക് മുന്നിലെത്തിയത്. ആ സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രമാണ് ചാക്കുണ്ണി അഭിനയിച്ചതെങ്കിലും ഇന്നസെന്റുമായുള്ള സൗഹൃദം സിനിമയ്ക്ക് പുറത്തേക്കും വളര്‍ന്നു. പൊതുപ്രവര്‍ത്തന മേഖലയില്‍ കഴിവ് തെളിയിച്ച് പാര്‍ലമെന്റംഗമായപ്പോഴും കറ പുരളാത്ത ജീവിതത്തിനുടമയായി ഇന്നസെന്റ് നിലകൊണ്ടു. പ്രധാന ദക്ഷിണേന്ത്യന്‍ ഭാഷകളെല്ലാം നന്നായി കൈകാര്യം ചെയ്യുന്ന ഇന്നസെന്റ്, മണ്ഡലവികസനത്തിനാവശ്യമായ പദ്ധതികള്‍ ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ നിന്ന് എളുപ്പം നേടിയെടുത്തെന്നും ചാക്കുണ്ണി ഓര്‍മിച്ചു.

2019 മെയ് 29, 30 തീയതികളില്‍ ദുബായില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ക്ലിനിക് ഉദ്ഘാടന ചടങ്ങിന് ഇന്നസെന്റുമൊത്ത് വേദി പങ്കിട്ടത് മറക്കാനാവാത്ത അനുഭവമാണ്. സദസില്‍ ചിരിയല തീര്‍ത്തതിനൊപ്പം ചിന്തയുടെ പുതുനാമ്പുകളും വിതച്ചായിരുന്നു പ്രൗഢഗംഭീരമായ സദസ്സില്‍ ഇന്നസെന്റിന്റെ പ്രസംഗം. പിന്നീടെത്രയോ വേദികളിലും പരിപാടികളിലും കണ്ടുമുട്ടി സൗഹൃദം പങ്കുവെച്ചു. മുണ്ടിക്കല്‍ താഴത്ത് ഒരു ഉല്‍പ്പന്നത്തിന്റെ ലോഞ്ചിംഗ് വേദിയിലായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. ഒരു എക്കോ ഫ്രണ്ട്‌ലി ജ്യൂട്ട് ബാഗായിരുന്നു അന്ന് ഞാന്‍ വേദിയില്‍ വച്ച് സമ്മാനിച്ചത്. അദ്ദേഹമത് സന്തോഷത്തോടെ സ്വീകരിച്ചു. തുടര്‍ന്ന് മൈക്കിന് മുന്നിലെത്തി നന്ദിയറിയിച്ച ഇന്നസെന്റ് ബാഗ് തുറന്ന് കാണിച്ച്, കുസൃതി ചിരിയോടെ, ബാഗ് കാലിയാണെന്ന് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞത് സദസില്‍ പൊട്ടിച്ചിരി പടര്‍ത്തി. പകരം വയ്ക്കാനില്ലാത്ത അഭിനയ ജീവിതത്താലും കളങ്കമേശാത്ത വ്യക്തി ജീവിതത്താലും ഏവര്‍ക്കും ഉദാത്ത മാതൃകയാണ് നന്മയുടെ ആള്‍രൂപമായ ഇന്നസെന്റ്. തന്റെ കാലഘട്ടത്തിന് മാത്രമല്ല വരും തലമുറയ്ക്കടക്കം ചിന്തിക്കാനും മനസറിഞ്ഞ് ചിരിക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റ് വിടവാങ്ങിയതെന്നും ചാക്കുണ്ണി അനുസ്മരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *