തൃശൂര്‍: കേരളത്തിന്റെ പ്രിയ നടന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുടയിലേക്ക് ജനം ഇരമ്പിയെത്തുകയാണ്. വിലാപയാത്രയായാണ് മൃതദേഹം ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെത്തിച്ചത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകള്‍.
കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലെത്തിച്ചത്. അഭിനയമികവും രാഷ്ട്രീയ സാമൂഹിക വ്യക്തിത്വവും കൊണ്ട് ശ്രദ്ധനേടിയ പ്രിയ താരത്തെ കാണാന്‍ രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് ഇരിങ്ങാലക്കുട ടൌണ്‍ഹാളിലേക്ക് എത്തുന്നത്. പ്രിയദര്ശന് ,സത്യന് അന്തിക്കാട്, സിദ്ദീഖ്, ബാബുരാജ്, മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ടൗണ്ഹാളിലെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.