കോഴിക്കോട്: സീസണ്‍ കാലത്ത് അടിക്കടി വര്‍ധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വിദേശയാത്രികരെ വലയ്ക്കുന്ന സാഹചര്യത്തില്‍ യാത്രാ കപ്പല്‍ സര്‍വീസിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ അധികൃതരോട് ആവശ്യപ്പെട്ടു. കേരളത്തിലെ എമിഗ്രേഷനും, പാസഞ്ചര്‍ ടെര്‍മിനലുകളുള്ള ബേപ്പൂര്‍-കൊച്ചി-തുറമുഖങ്ങള്‍ ബര്‍ദുബായില്‍ അതേ സൗകര്യങ്ങളുള്ള മിനറാഷിദ് തുറമുഖവുമായി ബന്ധിപ്പിച്ച് യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കപ്പല്‍ സര്‍വീസിന് മുന്നോടിയായി ദുബായിലേയും ഗോവയിലേയും പ്രമുഖ കപ്പല്‍ കമ്പനികള്‍ പ്രാഥമിക പഠനം നടത്തി അനുമതിക്കായി കേരള സര്‍ക്കാരിനേയും ബന്ധപ്പെട്ടവരേയും സമീപിച്ചിട്ടുണ്ട്. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ തുറമുഖ വകുപ്പ് മന്ത്രിയും പോര്‍ട്ട് ഓഫീസറും കപ്പല്‍ കമ്പനികളുമായി ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തിയതുമാണ്. കമ്പനിക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ എത്രയും വേഗം അനുമതി നല്‍കി വിമാന കമ്പനികളുടെ ചൂഷണതിനു അറുതി വരുത്തി യാത്രക്കാര്‍ക്കും പ്രവാസികള്‍ക്കും ആശ്വാസം നല്‍കാന്‍ സര്‍ക്കാരും നോര്‍ക്കയും തയ്യാറാകണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്ഷെവ.സി.ഇ, ചാക്കുണ്ണി, യു.എ.ഇ റീജിയന്‍ കണ്‍വീനര്‍ സി.എ. ബ്യൂട്ടി പ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
റമദാന്‍ മാസം ആരംഭിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ധിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ യു.എ.ഇയില്‍നിന്ന് കൊച്ചിയിലേക്ക് വരാന്‍ ശരാശരി 300 മുതല്‍ 320 ദിര്‍ഹം ആണെങ്കില്‍ ഇപ്പോള്‍ അത് 650 ദിര്‍ഹത്തിനു മുകളിലാണ്. കരിപ്പൂരിലേക്ക് 700 ദിര്‍ഹത്തിനും മുകളിലാണ് വിമാന ടിക്കറ്റ് യാത്രാ നിരക്ക്.തിരിച്ച് യു.എ.ഇ.യിലേക്ക് ഇതിലും വലിയ നിരക്കാണ് ഈടാക്കുന്നത്. കൊച്ചി-ദുബൈ കഴിഞ്ഞ മാസം 10,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. ഈ മാസം വണ്‍വേക്ക് 30,000 രൂപയ്ക്ക് മുകളിലാണ്. അതേ സമയം അബൂദാബി, റാസല്‍ഖൈമ, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലൂടെയാണെങ്കില്‍ ദുബൈയെക്കാളും നേരിയ കുറവുണ്ട്. ഏകദേശം 15 മുതല്‍ 20 മണിക്കൂര്‍ വരെ സമയം എടുത്ത് യു.എ.ഇയിലെത്തുന്ന കണക്ഷന്‍ ഫ്ളൈറ്റുകളെ ആശ്രയിക്കുകയാണ് പല പ്രവാസികളും. ഈ സാഹചര്യത്തില്‍ കപ്പല്‍ സര്‍വീസ് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.