മാപ്പ് പറയില്ല, ചോദ്യങ്ങള്‍ തുടരും; അയോഗ്യതയ്ക്കും ഭീഷണിക്കും എന്നെ നിശബ്ദനാക്കാനാകില്ല: രാഹുല്‍ ഗാന്ധി

മാപ്പ് പറയില്ല, ചോദ്യങ്ങള്‍ തുടരും; അയോഗ്യതയ്ക്കും ഭീഷണിക്കും എന്നെ നിശബ്ദനാക്കാനാകില്ല: രാഹുല്‍ ഗാന്ധി

അദാനിയുടെ ഷെല്‍ കമ്പനികളിലെ നിക്ഷേപം ആരുടേത്?

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ല. മോദിയും, അദാനിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് എ.ഐ.സി.സി ആസ്ഥാനത്ത് ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഒരൊറ്റ ചോദ്യത്തിനു മറുപടി നല്‍കുന്നതില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം എന്നും അദാനിയുടെ ഷെല്‍ കമ്പനിയില്‍ ആരാണ് ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാതിരിക്കാനാണ് അവരുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മില്‍ അടുത്ത ബന്ധമാണ്. ഗുജറാത്തില്‍നിന്നു തുടങ്ങിയ ബന്ധമാണത്. താന്‍ ഈ ബന്ധം പാര്‍ലമെന്റില്‍ തുറന്നുകാട്ടി. അന്നു മുതലാണ് തനിക്കെതിരായ ഇപ്പോഴത്തെ നീക്കം തുടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യതയും വിദേശത്തെ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിമാര്‍ തനിക്കെതിരെ നടത്തിയ നുണപ്രചാരണവും ഇതിന്റെ ഭാഗമാണ്.

തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോവില്ല. ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

‘എനിക്ക് ആരെയും ഭയമില്ല. അവര്‍ക്ക് എന്നെ മനസ്സിലായിട്ടില്ല. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല’- രാഹുല്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സൂറത്ത് സി.ജെ.എം കോടതി വിധിക്കെതിരേ തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ അപ്പീല്‍ നല്‍കാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനം. വിചാരണ കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്നാകും രാഹുല്‍ ചൂണ്ടിക്കാണിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *